തൃശൂർ: കേരളത്തിന്റെ ഭൂപടത്തിൽ രസകരമായ കാഴ്ചയുണ്ട്. സംസ്ഥാനത്തിന്റെ ഏറ്റവും മധ്യഭാഗത്തായി അടയാളപ്പെടുത്തി കാണുന്നത് ചേലക്കര നിയോജക മണ്ഡലമാണ്. അങ്ങേയറ്റം വീറും വാശിയുമുളള പ്രചാരണമാണ് മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ മുന്നണികൾ കാഴ്ചവെക്കുന്നത്. തൃശൂരിന്റെ വടക്കുകിഴക്കൻ പ്രദേശമാണ് ചേലക്കര. തനി ഗ്രാമീണ അന്തരീക്ഷം.
കൃഷി തന്നെയാണ് പ്രധാന തൊഴിൽ. പാലക്കാടിന്റെ അതിർത്തിപ്രദേശങ്ങളും ഭാരതപ്പുഴയും തഴുകിപ്പോകുന്ന നിയോജക മണ്ഡലം. റോഡുകൾ അടക്കമുള്ള ഭൗതിക സൗകര്യങ്ങളിൽ ഈയടുത്തായി മികച്ച വികസനങ്ങൾ കാണാം. ഇരുമുന്നണികളിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ ചേലക്കരക്കാർ പെട്ടെന്നൊന്നും ഉത്തരം നൽകില്ല. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഇഷ്ടമാണെന്ന് മുൻകാല ചരിത്രങ്ങൾ നിരത്തി സമർഥിക്കും. അപ്പോഴും സംഘ്പരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തെ ഒരളവോളം ചെറുത്തുനിർത്തുകയും ചെയ്യും.
തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം എന്നീ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭ മണ്ഡലം. 1965ലാണ് മണ്ഡലം നിലവിൽ വരുന്നത്. അന്നുമുതൽക്കുതന്നെ പട്ടികജാതി സംവരണ മണ്ഡലവുമാണ്.
ചേലക്കാരയുടെ രാഷ്ട്രീയ മനസ്സ് അങ്ങനെ വളരെ പെട്ടന്നൊന്നും ആർക്കും പിടിതരുന്നതല്ല. ഒമ്പത് ഗ്രാമപഞ്ചായത്തുകളുള്ള മണ്ഡലത്തിൽ മൂന്നിടത്ത് നിലവിൽ ഭരണം യു.ഡി.എഫാണ്. തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഭരിക്കുന്നത് യു.ഡി.എഫ് ആണ്. ബാക്കി ആറ് ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും മുഴുവൻ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫ് ആണ്. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറിമാറി പരീക്ഷിച്ചിട്ടുള്ള ചേലക്കര ഇക്കുറി ആരെ തുണക്കും എന്നതും രാഷ്ട്രീയകേരളം സൂക്ഷ്മം നിരീക്ഷിക്കുന്നു.
അഞ്ച് തവണ വിജയിച്ച കെ. രാധകൃഷ്ണനും നാലുതവണ വിജയിച്ച കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനുമാണ് മണ്ഡലത്തെ കൂടുതൽകാലം പ്രതിനിധാനം ചെയ്തത്. സി.പി.എമ്മിലെ സി.കെ ചക്രപാണിയെ 106 വോട്ടുകൾക്കാണ് കെ.കെ. ബാലകൃഷ്ണൻ ചേലക്കര മണ്ഡലത്തിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്.
മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും കന്നിയങ്കത്തിലെ തന്നെയായിരുന്നു. 1967ൽ സി.പി.എമ്മിലെ പി. കുഞ്ഞനോട് 2,052 വോട്ടുകൾക്ക് കെ.കെ. ബാലകൃഷ്ണൻ പരാജയപ്പെട്ടു. ഇതിനുശേഷം 1970, 1977, 1980 വർഷങ്ങളിൽ തുടർച്ചയായി സി.പി.എമ്മിലെ കെ.എസ്. ശങ്കരനെ പരാജയപ്പെടുത്തി കെ.കെ ബാലകൃഷ്ണൻ വീണ്ടും ജയിച്ചു. 1977ൽ കെ. കരുണാകരൻ മന്ത്രിസഭയിലും തുടർന്ന് ആന്റണി മന്ത്രിസഭയിലും ഇടംനേടി കെ.കെ. ബാലകൃഷ്ണൻ.
1982ൽ കോൺഗ്രസിലെ ടി.കെ.സി. വടുതലയെ 2,123 വോട്ടുകൾക്ക് പരാജയപ്പെടുത്തി സി.കെ. ചക്രപാണി മണ്ഡലം തിരിച്ചുപിടിച്ചു. 1987ൽ സി.പി.എമ്മിലെ കെ.എസ്. ശങ്കരന് പകരമായി മത്സരിച്ച ഭാര്യ കെ.പി. പുഷ്പയെ 7,751 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ചരിത്രവും ചേലക്കരക്കുണ്ട്. കോൺഗ്രസിലെ ഡോ. എം.എ. കുട്ടപ്പനാണ് അന്ന് എൽ.ഡി.എഫിൽനിന്ന് മണ്ഡലം വീണ്ടും കോൺഗ്രസിന്റെ കൈകളിലേക്ക് തിരിച്ചെത്തിച്ചത്. 1991ൽ മത്സരിച്ച കോൺഗ്രസിലെ എം.പി. താമി മണ്ഡലം നിലനിർത്തി.
4,361 വോട്ടുകൾക്ക് സി.പി.എമ്മിലെ സി. കുട്ടപ്പനെയാണ് താമി പരാജയപ്പെടുത്തിയത്. പിന്നീട് കെ. രാധാകൃഷ്ണന്റെ കാലമായിരുന്നു. 1996 മുതൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കെ. രാധാകൃഷ്ണൻ, യു.ആർ. പ്രദീപ് എന്നിവരിലൂടെ മണ്ഡലം സി.പി.എമ്മിന്റെ കൈകളിൽ സുരക്ഷിതമായി. 1996ൽ നിയമസഭയിലേക്ക് കന്നിയങ്കത്തിൽ വിജയിച്ച കെ. രാധാകൃഷ്ണൻ, ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടികജാതിക്ഷേമവികസനം, യുവജനക്ഷേമവകുപ്പ് മന്ത്രിയുമായി.
2001ൽ വിജയിച്ച് പ്രതിപക്ഷ ചീഫ്‌വിപ്പ്, 2006ൽ നിയമസഭ സ്പീക്കർ, 2021ൽ രണ്ടാംപിണറായി സർക്കാരിൽ പട്ടികജാതി-പട്ടികവർഗക്ഷേമ വികസനവകുപ്പ്, ദേവസ്വം, പാർലമെന്ററികാര്യ മന്ത്രി എന്നീ സ്ഥാനങ്ങളും വഹിച്ചു. 2016ൽ മത്സരത്തിൽനിന്ന് പിന്മാറിയ കെ. രാധാകൃഷ്ണന് പിൻഗാമിയായി യു.ആർ. പ്രദീപ് എത്തി. ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ യു.ആർ. പ്രദീപ് 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി.
2021ൽ വീണ്ടും മത്സരത്തിനിറങ്ങിയ കെ. രാധാകൃഷ്ണൻ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പക്ഷേ, ലോക്സഭ മത്സരത്തിൽ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു എന്നതും ശ്രദ്ധേയമായി. അത് കോൺഗ്രസിന് ഇക്കുറി വലിയ വിജയപ്രതീക്ഷ പകരുന്നുണ്ട്.
മറ്റ് മണ്ഡലങ്ങളിലെ പോലെ അത്ര ശക്തമല്ലെങ്കിലും ബി.ജെ.പി ഇവിടെ അവരുടെ വോട്ട് വിഹിതം ഉയർത്തുന്നുണ്ട് എന്നുതന്നെയാണ് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുക. ഉപതെരഞ്ഞെടുപ്പിൽ ഗണ്യമായി വോട്ട് ഉയർത്താൻ കഴിയും എന്നാണ് ബി.ജെ.പി ക്യാമ്പുകളിലെയും വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.