കൊടുങ്ങല്ലൂർ: മരണപാതയായ കൊടുങ്ങല്ലൂർ ബൈപാസിൽ അധികൃതർ പുലർത്തുന്ന അനാസ്ഥയുടെ ഇരയായി ജനപ്രതിനിധിയും. മൂന്നു മാസം മുമ്പ് ലോറിയിടിച്ച് തകർന്ന സിഗ്നൽ പ്രവർത്തനക്ഷമമാക്കാത്ത ബൈപാസിലെ ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിലാണ് വടക്കേകര പഞ്ചായത്തംഗം ജോബിയുടെ ജീവൻ പൊലിഞ്ഞത്. ബൈപാസിലെ 41ാമത്തെ അപകട മരണമാണിത്. ഇതിലേറെയും അധികാരികളുടെ ജാഗ്രതയില്ലായ്മയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഫലമായി സംഭവിച്ചതാണ്.
റോഡിന്റെ അപാകതയും അശാസ്ത്രീയതയുമാണ് പ്രധാന പ്രശ്നം. സിഗ്നൽ തകരാറുകൾ, സർവിസ് റോഡിലെ അനധികൃത പാർക്കിങ് എന്നിവയോടൊപ്പം വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും സിഗ്നലുകളും മാനിക്കാത്തതുമെല്ലാം അപകടകാരണങ്ങളാണ്.
കെൽട്രോൺ സ്ഥാപിച്ച സിഗ്നലുകളിൽ തകരാറുകൾ തുടർക്കഥയാണ്. വെള്ളിയാഴ്ച അപകടമുണ്ടായ ഭാഗത്ത് മൂന്നു മാസം മുമ്പുണ്ടായ അപകടത്തിലാണ് ഒരു ഭാഗത്തെ സിഗ്നലുകൾക്ക് നാശമുണ്ടായത്.
ഇതിനകം എണ്ണമറ്റ അപകടങ്ങളാണ് ബൈപാസിൽ നടന്നിട്ടുള്ളത്. മരിച്ചവർക്ക് പുറമെ ജീവിതം തന്നെ തകർന്നവരും അംഗവൈകല്യം സംഭവിച്ചവരും മറ്റു പരിക്കോടെ ജീവിതം തള്ളിനീക്കുന്നവരും ഏറെയാണ്. ഉദ്ഘാടനത്തിന് മുമ്പേ അപകടവും മരണവും തുടങ്ങിയ ബൈപാസിൽ വർഷങ്ങൾ പിന്നിട്ടിട്ടും ചോരയുടെ മണം വിട്ടൊഴിയാത്ത അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിനായി ഒട്ടേറെ സമരങ്ങൾക്കും ഈ പാത വേദിയായിട്ടുണ്ട്. അപകടങ്ങളും മരണങ്ങളും ഏറിയതോടെ വിവിധ കോണുകളിൽനിന്ന് ഉയർന്ന മുറവിളികളെ തുടർന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നഗരസഭയുമെല്ലാം ചേർന്ന് പലവട്ടം വിവിധ തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. ഇതിനുശേഷം പൊലീസും മോട്ടോർ വാഹന വകുപ്പും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കാൻ തുടങ്ങിയതോടെ അപകടങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ, സമീപകാലത്തായി ആർക്കും ഉത്തരവാദിത്തമില്ലാത്ത പാതയായി ബൈപാസ് മാറി. ഇതോടെ അപകടങ്ങൾ പെരുകി.
നിർമാണം പുരോഗമിക്കുന്ന ആറുവരി പാതയോടൊപ്പം ബൈപാസിലും മാറ്റങ്ങൾ വരികയാണ്. ഇതിനിടയിലാണ് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത്.
എലിവേറ്റഡ് ഹൈവേ മികച്ചൊരു പരിഹാര സാധ്യതയായി മുന്നോട്ടുവെക്കുകയും അതിനായി സമരങ്ങൾ അരങ്ങേറുകയും ചെയ്തുവെങ്കിലും ഫലം കണ്ടിട്ടില്ല. ഈ ആവശ്യം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.