തൃശൂർ: സി.പി.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന കുമ്പളങ്ങാട് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ പുനരാരംഭിച്ചു. തൃശൂർ ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2019 മേയ് 16നാണ് വടക്കാഞ്ചേരി കുമ്പളങ്ങാട് ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ ബിജുവിനെ (31) ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയും സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് പന്തലങ്ങാട്ട് രാജന്റെ മകൻ ജിനീഷിനെ (24) വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചത്. മൂന്നാം അഡീഷനല്‍ ജില്ല ആൻഡ് സെഷന്‍സ് ജഡ്ജ് മിനിമോള്‍ ആണ് വാദം കേൾക്കുന്നത്.
കേസിന്റെ വിചാരണ ആരംഭിച്ചിരുന്നുവെങ്കിലും പ്രതികള്‍ക്ക് പരിക്കേറ്റ കേസ് വടക്കാഞ്ചേരി കോടതിയില്‍ ഉണ്ടെന്നും രണ്ട് കേസുകളും ഒരേ കോടതിയിൽ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു.
എന്നാൽ രണ്ട് കേസുകളും ഒരേസമയം വിചാരണ നടത്തേണ്ടതില്ലെന്ന വടക്കാഞ്ചേരി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് സ്റ്റേ നീക്കി വിചാരണ തുടരാൻ ഹൈകോടതി അനുമതി നൽകിയതിനെ തുടർന്നാണ് വിചാരണ പുനരാരംഭിച്ചത്. ബിജുവിനേയും ജിനീഷിനേയും ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബിജുവിനേയും ജിനീഷിനേയും മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ബിജു മരിച്ചു.
കുമ്പളങ്ങാട് മൂരായിൽ ജയേഷ്, ഇരവുകുളങ്ങര സുമേഷ്, കുറ്റിക്കാടൻ സെബാസ്റ്റ്യൻ, തൈക്കാടൻ ജോൺസൺ, കിഴക്കോട്ടിൽ ബിജു (കുചേലൻ ബിജു), ചെമ്പകശേരി രവി, കരിമ്പനവളപ്പിൽ സജീഷ് (സതീഷ്), കരിമ്പനവളപ്പിൽ സുനീഷ്, കരിമ്പനവളപ്പിൽ സതീഷ് എന്നിവരാണ് പ്രതികൾ. ആറാം പ്രതിയായിരുന്ന രവി കേസ് നടന്നുകൊണ്ടിരിക്കെ മരിച്ചിരുന്നു.
വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇപ്പോഴത്തെ കുന്നംകുളം ഡിവൈ.എസ്.പി ടി.എസ്. സിനോജാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പരിക്കേറ്റ ജിനീഷടക്കം മൊത്തം 47 സാക്ഷികളാണ് കേസിലുള്ളത്. ജിനീഷിന്റെ വിസ്താരം പൂർത്തിയാക്കി രണ്ടും മൂന്നും സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബു, അഡ്വ. ശരത് ബാബു കോട്ടക്കല്‍ എന്നിവരാണ് ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.