തൃശൂർ: ഇന്ത്യൻ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന മോദി-അമിത് ഷാ സഖ്യം മുതൽ കെ-റെയിൽ കല്ലാണെന്ന് കരുതി അമ്മിക്കല്ല് പിഴുത് ഓടുന്ന സമരസമിതി പ്രവർത്തകർ വരെയെത്തുന്ന സമകാലിക വർത്തമാനങ്ങളുടെ ആക്ഷേപഹാസ്യമുണ്ട് തൃശൂർ ലളിത കലാ അക്കാദമി ഹാളിൽ നടക്കുന്ന കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂരിന്റെ 'വരമൊഴി' എന്ന കാർട്ടൂൺ-കാരിക്കേച്ചർ പ്രദർശനത്തിൽ.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവവികാസങ്ങൾ കോർത്തിണക്കിയ 55 കാർട്ടൂൺ-കാരിക്കേച്ചറുകളാണ് പ്രദർശനത്തിലുള്ളത്. കൈകൾ സോപ്പിട്ടു കഴുകാൻ പറഞ്ഞത് കൈരേഖ തെളിയാനല്ലഡോ... തന്റെ 'ആയുർരേഖ' തെളിയാനാ... കൈനോട്ടക്കാരൻ കൈനോക്കാനെത്തിയ ആളോട് പറയുന്നത് കോവിഡ് ഓർമപ്പെടുത്തലാണ്. പാത്രത്തിൽ കൊട്ടി കോവിഡിനെ തുരത്തുന്നതറിഞ്ഞെത്തുന്ന വിദേശി അമിത് ഷാ-മോദിമാരോട് കോവിഡിനെ തുരത്താനുള്ള ഫോർമുല ചോദിക്കുന്നതും തുടർച്ചയായ പെട്രോൾ വിലവർധനവ് ശീലമാക്കിയ പ്രധാനമന്ത്രിയും വരകളിൽ തെളിയുമ്പോൾ ചിരിക്കൊപ്പം കൃത്യമായ രാഷ്ട്രീയം കൂടി സംവേദിപ്പിക്കുന്നുണ്ട് കുട്ടി എന്ന കാർട്ടൂണിസ്റ്റ്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, വൈശാഖൻ, ആനന്ദ് തുടങ്ങി ഒട്ടേറെ പേരുടെ കാരിക്കേച്ചറുകൾ കൂടിയുണ്ട് പ്രദർശനത്തിൽ. ചെറുപ്പം മുതലേ വിവിധ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ച് ശ്രദ്ധേയനായ കുട്ടി എടക്കഴിയൂർ മൂന്നര പതിറ്റാണ്ടിലേറെ കാലം പ്രവാസജീവിതം നയിച്ചിരുന്നപ്പോഴാണ് കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയനായത്. വിവിധ ഭാഷകളിലെ നിരവധി പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാന്റ് കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചു. കൊടുങ്ങല്ലൂരിൽ അഞ്ച് കൊല്ലം മുമ്പ് പ്രദർശനം നടത്തിയിരുന്നു.
'വരയും വരിയും ചിരിയും' എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ഗൾഫ് മാധ്യമം ബെസ്റ്റ് കാർട്ടൂണിസ്റ്റ് അവാർഡ്, കാർട്ടൂൺ ക്ലബ് ഓഫ് കേരളയുടെ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി നേട്ടങ്ങൾക്കുടമയാണ്. പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.