ആമ്പല്ലൂര്‍: പഞ്ചവാദ്യ രംഗത്തെ പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ (83) നിര്യാതനായി. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തില്‍ ആറര പതിറ്റാണ്ട് പ്രവര്‍ത്തിച്ച അദ്ദേഹം തൃശൂര്‍ പൂരം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വരടിയത്തെ മകളുടെ വീട്ടില്‍ വ്യാഴാഴ്ച പുലർച്ചയായിരുന്നു അന്ത്യം. മദ്ദള വിദ്വാനായിരുന്ന തൃക്കൂര്‍ കിഴിയേടത്ത് കൃഷ്ണന്‍കുട്ടി മാരാരുടെയും മെച്ചൂര്‍ അമ്മുക്കുട്ടിയമ്മയുടെയും മകനാണ്.
പതിനഞ്ചാമത്തെ വയസ്സില്‍ തൃക്കൂര്‍ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മദ്ദളം അരേങ്ങറ്റം നടത്തി. തുടര്‍ന്ന് മേളപരിപാടികളില്‍ സ്ഥിരമായി പങ്കെടുത്തു. നെന്മാറ വേലക്കാണ് ആദ്യമായി മദ്ദളപ്രമാണിയായത്. തൃശൂര്‍ പൂരത്തില്‍ ആദ്യവര്‍ഷം തിരുവമ്പാടിക്കുവേണ്ടിയാണ് കൊട്ടിയത്. തുടര്‍ന്ന് പാറമേക്കാവ് പഞ്ചവാദ്യത്തിെൻറ മദ്ദളനിരയിലെത്തി. പ്രസിദ്ധ മദ്ദള കലാകാരന്മാരായ കടവല്ലൂര്‍ ഗോവിന്ദന്‍ നായര്‍, ചാലക്കുടി നാരായണന്‍ നമ്പീശന്‍, തൃക്കൂര്‍ ഗോപാലന്‍കുട്ടി മാരാര്‍ എന്നിവര്‍ക്കുശേഷം തിമിലാചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പം പാറമേക്കാവ് വിഭാഗത്തിലെ മദ്ദളപ്രമാണിയായി. ഉത്രാളിക്കാവ് പൂരം, നെന്മാറ വേല, ഗുരുവായൂര്‍, തൃപ്പുണിത്തുറ, തൃക്കൂര്‍ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രോത്സവങ്ങള്‍ക്ക് മദ്ദളക്കാരനും പ്രമാണിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1987ല്‍ സോവിയറ്റ് യൂനിയനില്‍ നടന്ന ഭാരതോത്സവത്തില്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കി. 2020ല്‍ തൃക്കൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിലാണ് അവസാനമായി പങ്കെടുത്തത്. 2011ല്‍ കേരള സംസ്ഥാന സര്‍ക്കാറിെൻറ പല്ലാവൂര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരം, ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, കുഴൂര്‍ നാരായണ മാരാര്‍ പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പരേതയായ തേലക്കാട്ട് ദേവകിയാണ് ഭാര്യ. മക്കള്‍: സുജാത, സുകുമാരന്‍, സുധാകരന്‍, സുമ. മരുമക്കള്‍: സദാനന്ദന്‍, സുനിത, പ്രീത, രാജന്‍.
മാഞ്ഞത് ശ്രുതിശുദ്ധ മദ്ദളനാദം
തൃശൂർ: ശ്രുതി ശുദ്ധമായ പ്രയോഗങ്ങളിലൂടെ ആസ്വാദകരുടെ മനം കവർന്ന മദ്ദള കലാകാരനായിരുന്നു വ്യാഴാഴ്ച നിര്യാതനായ തൃക്കൂർ രാജൻ. അദ്ദേഹത്തിെൻറ അഴുക്കുപുരളാത്ത മദ്ദളം പോലെത്തന്നെയായിരുന്നു വാദ്യത്തിെൻറ മർമം അറിഞ്ഞുള്ള പ്രയോഗവും. സ്വരസ്ഥാനങ്ങൾ കിറുകൃത്യം. നാദത്തിെൻറ കനവും കൊട്ടിെൻറ ഭാഷയും അത്രയും ആസ്വാദ്യം. വ്യക്തതയുള്ള ശുദ്ധ നാദമായിരുന്നു ആ മദ്ദളത്തിൽനിന്ന് പ്രവഹിച്ചുകൊണ്ടിരുന്നത്. ആറര പതിറ്റാണ്ടിെൻറ വാദ്യപ്പെരുമയുടെ പുണ്യവുമായാണ് 'തൃക്കൂരിെൻറ രാജേട്ടൻ' മടങ്ങുന്നത്. അതോടൊപ്പം മേള ഇതിഹാസങ്ങളായ കുഴൂർ, അന്നമനട ത്രയങ്ങളോടൊപ്പം കൊട്ടിയിരുന്ന തലമുറയിലെ അവസാന കണ്ണി കൂടെ ഇല്ലാതാകുകയാണ്.
പുതിയ തലമുറക്ക് അവസരം കിട്ടട്ടേ എന്ന് പറഞ്ഞ് 2000ത്തിലാണ് തൃശൂർ പൂരം പാറമേക്കാവ് പഞ്ചവാദ്യത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. എങ്കിലും 2018 വരെ കലാരംഗത്ത് നിറഞ്ഞുനിന്നിരുന്നു.
വാദ്യലോകത്തിന് നികത്താനാവാത്ത വേർപാട് –തങ്കപ്പൻ മാരാർ
''ഒരാളോടും അലോസരമില്ല. ആരോടും ദേഷ്യപ്പെടില്ല. പഞ്ചവാദ്യ പ്രമാണിയായ തിമിലപ്രമാണിയെ ആത്മാർഥതേയാടെ അനുസരിച്ച മഹാനായ മദ്ദളപ്രമാണിയായിരുന്നു രാജേട്ടൻ'' -പാറമേക്കാവ് വിഭാഗത്തിെൻറ പഞ്ചവാദ്യ പ്രമാണി പരയ്‌ക്കാട് തങ്കപ്പന്‍ മാരാര്‍ ഓർക്കുന്നു. വൃത്തിയുള്ള നാദം പോലെ വൃത്തിയുള്ള വാക്കുകളും അദ്ദേഹത്തിന് കൂട്ടായി. 1987ല്‍ സോവിയറ്റ് യൂനിയനില്‍ നടന്ന ഭാരതോത്സവത്തില്‍ പഞ്ചവാദ്യത്തിന് അദ്ദേഹത്തോടൊപ്പം പോയിരുന്നു. അനുഭവങ്ങൾ ഏറെ. ചെയ്യുന്ന പ്രവൃത്തിയിൽ നൂറുശതമാനം നീതി പുലർത്തിയിരുന്ന കലാകാരനായിരുന്ന അദ്ദേഹത്തിെൻറ വേർപാട് വാദ്യലോകത്തിന് നികത്താനാവാത്തതാണ്''- തങ്കപ്പൻ മാരാർ പറഞ്ഞു.
ഗുരുസ്ഥാനീയനായ ജ്യേഷ്ഠ സഹോദരൻ –പെരുവനം
ഗുരുസ്ഥാനീയനായ ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രശസ്ത ചെണ്ട കലാകാരൻ പെരുവനം കുട്ടൻ മാരാർ. ''ശ്രുതി ശുദ്ധമായ പ്രയോഗങ്ങളാണ് അദ്ദേഹത്തിെൻറ വിടവാങ്ങലിലൂടെ ഇല്ലാതായത്. എന്തിലും വൃത്തി സൂക്ഷിച്ച കലാകാരനായിരുന്നു അദ്ദേഹം. അത് കൊട്ടായാലും ഇടുന്ന വസ്ത്രമായാലും. ആ വൃത്തി മേളത്തിലും പ്രകടമായിരുന്നു. മറ്റു കലാകാരന്മാർ 12ഉം 16ഉം രൂപ പ്രതിഫലം വാങ്ങിയിരുന്ന കാലത്ത് 100 രൂപ നൽകി അദ്ദേഹത്തെ കൊണ്ടുപോകാൻ ആസ്വാദകർ തയാറായിരുന്നു. അദ്ദേഹത്തിെൻറ വാത്സല്യം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കാണാൻ ചെറിയ മനുഷ്യനായിരുന്നെങ്കിലും മേളത്തിൽ വലിയ പ്രയോഗത്തിെൻറ ഉടമയായിരുന്നും അദ്ദേഹം''-പെരുവനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.