കാഞ്ഞാണി: അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവർന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാന്തി നിരഞ്ജനാണ് സ്റ്റോർ റൂമിന്റെ വാതിലിൽ കുറ്റി ഇളകിയിരിക്കുന്നത് കണ്ടത്.
പൂട്ട് പൊളിച്ചിരുന്നില്ല. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ വഴിപാട് കൗണ്ടറിലുള്ള മേശ തിരിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. മേശക്കുള്ളിലെ സാധനങ്ങൾ പുറത്ത് വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് ക്ഷേത്രം ഭാരവാഹികളെത്തി നടത്തിയ പരിശോധനയിലാണ് മേശക്കകത്തെ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ക്ഷേത്രത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ആരെങ്കിലും ആകാം മോഷണത്തിന് പിന്നിലെന്നാണ് സൂചന. വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മുൻഭാഗത്തുള്ള ജനലുകൾ തിക്കിത്തുറന്ന് മേശ തിരിച്ചിട്ടാണ് മോഷണം നടത്തിയിട്ടുള്ളത്. കൃത്യമായി സ്വർണവും പണവും ഇരിക്കുന്ന മേശവലിപ്പ് മോഷ്ടാവിന് പരിചിതമെന്ന് വ്യക്തം. മുറിക്ക് അകത്തുകടക്കാതെ ജനലഴികൾക്കിടയിലൂടെ തന്ത്രപ്പൂർവമാണ് മോഷണം നടത്തിയിരിക്കുന്നത്.
മേശയുടെ താഴത്തെ അറയിൽ സൂക്ഷിച്ച പെട്ടിയിൽനിന്നാണ് വഴിപാടായി ഭക്തർ നൽകിയ സ്വർണാഭരണങ്ങൾ മോഷണം പോയത്. തിരുവാഭരണങ്ങൾ മറ്റൊരിടത്താണ് സൂക്ഷിക്കുന്നത്. ഗണപതി പ്രതിഷ്ഠക്ക് മുന്നിലുള്ള ഭണ്ഡാരം തകർത്ത് പണവും അപഹരിച്ചിട്ടുണ്ട്. മറ്റു പ്രധാന ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ ശ്രദ്ധിച്ചിട്ടില്ല.
അതിനാൽ കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയിട്ടുള്ളത് എന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. സമീപത്തെ റോഡുകളിലുള്ള സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷണത്തിന് പിന്നിൽ ഒന്നിലധികം പേർ ഉള്ളതായാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.