തൃശൂർ: കാണാതായ കുട്ടിയെ തിരഞ്ഞ് ഗ്രാമം. പൊലീസ് ഇടപെടലിൽ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത് രണ്ടര മണിക്കൂറിന് ശേഷം. നെടുപുഴ വടൂക്കരയിലെ വീട്ടിലാണ് സംഭവം. ഏഴു വയസ്സുള്ള രണ്ട് കുട്ടികൾ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു.
കളിക്കിടെ എന്തോ പറഞ്ഞപ്പോഴുണ്ടായ ദേഷ്യത്തിന് കൈയിലിരുന്ന കല്ലുകൊണ്ട് ഒരാൾ മറ്റേയാളുടെ തലക്ക് കുത്തി. കൂട്ടുകാരന്റെ തലക്ക് പരിക്കേറ്റ് ചോരയൊലിച്ചു. അവൻ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. പേടി കാരണം എന്തുചെയ്യണമെന്നറിയാതെ മറ്റേയാൾ അല്പനേരം അവിടെ ഇരുന്നു. കളികഴിഞ്ഞ് വീട്ടിലെത്താത്ത മകനെ മാതാവ് പലയിടത്തും അന്വേഷിച്ചു.
കൂട്ടുകാരനോടും അന്വേഷിച്ചു. ഒരുമിച്ചിരുന്നു കളിച്ചതാണെന്നും പിന്നീട് എവിടെപ്പോയി എന്ന് അറിയില്ലെന്നും പറഞ്ഞപ്പോൾ അമ്മയുടെ വേവലാതി കൂടി. പോകാൻ സാധ്യതയുള്ളിടത്തൊക്കെ അന്വേഷിച്ചു. അയൽവാസികളോടും നാട്ടുകാരോടും മകനെ കാണാനില്ലാത്ത വിവരം പറഞ്ഞു. കുട്ടിയെ തിരയാൻ അവരും കൂടി. എന്നിട്ടും വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടയിലാണ് നെടുപുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു അതുവഴി പട്രോളിങ്ങിനായി എത്തിയത്. ശ്മശാനം റോഡ് പരിസരത്തെത്തിയപ്പോൾ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് അന്വേഷിക്കുകയായിരുന്നു. കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ബൈജു ആദ്യം കുട്ടിയുടെ വീട്ടിലെത്തി.
കാണാതായ കുട്ടി ദൂരെ എവിടേയും പോകാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കി എസ്.ഐ വീടിനുപരിസരത്ത് കുട്ടികൾ ഒളിക്കാനിടയുള്ള സ്ഥലങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അവിടെയെല്ലാം വിശദമായി തിരയാൻ തുടങ്ങി. നാട്ടുകാരും വീട്ടുകാരും പൊലീസ് ഓഫിസറുടെ കൂടെ പരിസരങ്ങളിലെ മുക്കിലും മൂലയിലും തിരഞ്ഞുതുടങ്ങി.
അവസാനം രണ്ടര മണിക്കൂറോളമെടുത്ത തിരച്ചിലിനൊടുവിലാണ് അയൽപക്കത്തെ വീടിനു സമീപമുള്ള ഇടുങ്ങിയ സ്ഥലത്ത് പേടിച്ചുവിറച്ച് ഒളിച്ചിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഓടിയെത്തിയ അമ്മയുടെ കൈകളിലേക്ക് പൊലീസ് ഓഫിസർ കുട്ടിയെ നൽകി. കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കാതെ അവരെ സ്നേഹത്തോടെ ചേർത്ത് നിറുത്തിയാൽ കുറെ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് ഓർമപ്പെടുത്തിയാണ് എസ്.ഐ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.