തൃശൂര്‍: തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി മുൻ എം.എൽ.എ എം.പി. വിന്‍സെൻറിനെ നിയമിച്ചു. ബുധനാഴ്ച രാവിലെ 10ന് ഡി.സി.സി ഓഫിസായ കെ. കരുണാകരന്‍ സപ്തതി മന്ദിരത്തിലെത്തി ചുമതലയേൽക്കും. വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിൻസെൻറ് സഹകരണ, കാര്‍ഷിക മേഖലയിലും സജീവമാണ്.
ഒല്ലൂരില്‍ 2011ല്‍ എം.എല്‍.എയായ അദ്ദേഹം ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്സി. കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കര്‍ഷകനായ അളഗപ്പ നഗര്‍ മാണിയാക്കുവീട്ടില്‍ എം.വി. പൗലോസിെൻറയും മേരിയുടേയും മകനാണ്. ഭാര്യ: റജി (തൃശൂര്‍ തോപ്പ് സെൻറ് തോമസ് സ്‌കൂള്‍ അധ്യാപിക). മക്കൾ: വിക്ടര്‍ (രാജഗിരി എന്‍ജി. കോളജ് വിദ്യാർഥി), അയറിന്‍ (ഫിസാറ്റ് എന്‍ജി. കോളജ് അങ്കമാലി).
ഇടവേള കഴിഞ്ഞു; ഇനി വിൻസെൻറ് കാലം
തൃശൂർ: ഒന്നര വർഷത്തിന് ശേഷം തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് നാഥനായി. മാസങ്ങൾക്ക് മുമ്പ് കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ വിൻെസൻറിനെ ഡി.സി.സി പ്രസിഡൻറായി നിയമിച്ചുവെന്ന് തീരുമാനമായി പുറത്തുവന്നുവെങ്കിലും പ്രഖ്യാപിക്കാതെ ചുണ്ടിനും കപ്പിനുമിടയിൽ വെച്ച് മാറ്റിവെക്കുകയായിരുന്നു.
ലോക്ഡൗണിന് തൊട്ടു മുമ്പാണ് പഴയ പ്രസിഡൻറ് ടി.എൻ. പ്രതാപെൻറ രാജി കെ.പി.സി.സി അംഗീകരിച്ചത്. കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാലിനും ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടിക്കും പകരം ചുമതല നൽകിയെങ്കിലും ഇതും വിവാദമായി. രണ്ട് പ്രസിഡൻറുമാരെ നിയമിച്ച രീതിയെ മുതിർന്ന നേതാക്കൾ തന്നെ വിമർശിച്ചു. എതിർപ്പറിയിച്ച് പലരും സജീവ പ്രവർത്തനത്തിൽ നിന്ന് തന്നെ വിട്ടുനിൽക്കുന്നതിനിടയിലാണ് പാർട്ടിക്ക് പ്രതീക്ഷ പകർന്ന് പുതിയ പ്രസിഡൻറിനെ നിയമിക്കുന്നത്.
വിൻസെൻറ് പ്രസിഡൻറാവുന്നതിനെതിരെ എ, ഐ ഗ്രൂപ്പുകളിലുള്ളവർ പല വിധത്തിൽ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും ഇത് ഏറ്റില്ല. ഇടവേളക്ക് ശേഷമാണ് ഐ ഗ്രൂപ്പിെൻറ പേരിലേക്ക് തന്നെ പ്രസിഡൻറ് പദവി എത്തുന്നത്. ഐ ഗ്രൂപ്പുകാരനാണ് എം.പി. വിൻസെൻറെങ്കിലും നിലവിൽ പ്രസിഡൻറായിരിക്കുന്നത് കെ.സി. വേണുഗോപാലിെൻറ പിന്തുണയോടെയാണെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.