തൃശൂർ: വേഗപരിധി കൂട്ടിയതോടെ കുരുതിക്കളമായി ദേശീയപാത. ഒരുമാസത്തിനിടെ വിവിധ അപകടങ്ങളിൽ മരിച്ചത് അഞ്ചുപേർ. പരിക്കേറ്റവർ നിരവധി. റോഡ് മുറിച്ചുകടക്കുമ്പോഴും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടുമാണ് മരണങ്ങളിലേറെയും.
ആറു വരിയായി വികസിപ്പിച്ച ദേശീയപാത 544 മണ്ണുത്തി -വടക്കുഞ്ചേരി റീച്ചിൽ നിലവിൽ ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 110 കി.മീറ്റർ വേഗത്തിൽ സഞ്ചരിക്കാം. ബസ് ഉൾപ്പെടെ വലിയ യാത്രവാഹനങ്ങൾക്ക് 95 കി.മീറ്ററും ചരക്കു വാഹനങ്ങൾക്ക് 80 കി.മീറ്ററും വേഗം ആവാം. ഇരുചക്ര വാഹനങ്ങൾക്ക് 60 കി.മീറ്ററാണ് പരിധി. വേഗനിയന്ത്രണത്തിന് ഒരു സംവിധാനവുമില്ല.
വേഗപരിധി വർധിപ്പിച്ചതോടെ റോഡ് മുറിച്ചുകടക്കുന്നതുതന്നെ വലിയ പ്രയാസമായി. മുടിക്കോട്, ചുവന്നമണ്ണ്, വാണിയമ്പാറ തുടങ്ങിയ മേഖലകളിൽ നൂറുകണക്കിനുപേർ റോഡ് മുറിച്ച് ഇരുവശത്തേക്കും കടക്കുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിലാണ് അപകടങ്ങളിലേറെയും. വാഹനങ്ങൾ യു ടേൺ എടുക്കുമ്പോഴും യാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോഴും അപകടങ്ങളും മരണങ്ങളും വർധിക്കുകയാണ്. മുടിക്കോട്, ചുവന്നമണ്ണ് ഭാഗങ്ങളിൽ അപകടം തുടർക്കഥയാണ്.
ദേശീയപാതയുടെ പലഭാഗങ്ങളിലും വെളിച്ചക്കുറവ് അപകടങ്ങൾക്കിടയാക്കുന്നതായി നാട്ടുകാർ പറഞ്ഞു. മറ്റു വാഹനങ്ങളുടെ വേഗം ഇരുചക്രവാഹന യാത്രികരെയാണ് അപകടത്തിൽപ്പെടുത്തുന്നത്. വേഗം കുറച്ച് പോകേണ്ട ഇടതുവശം വഴിയുള്ള ട്രാക്കിലൂടെയും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഈ മാസം ഡിവൈഡറിൽ ഇരുചക്രവാഹനം ഇടിച്ച് രണ്ടു മരണമാണ് സംഭവിച്ചത്.
അപകടങ്ങൾ തുടർക്കഥയായ മുടിക്കോട് ഭാഗത്ത് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്തുണ്ട്. ദേശീയപാത അലൈൻമെന്റ് പ്രകാരം മുളയം റോഡ്, മുടിക്കോട് ഭാഗങ്ങളിൽ അടിപ്പാതയാണ് നിർമിക്കേണ്ടത്. എന്നാൽ, പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. വഴിവിളക്കുകൾ ഉള്ള സ്ഥലങ്ങളിലും രാത്രി പലപ്പോഴും പ്രകാശിക്കുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.