തൃശൂർ: ദേശീയപാതക്ക് അഭിമുഖമായി പുതിയ കെട്ടിടങ്ങള്‍ നിർമിക്കാനും സ്ഥാപനങ്ങള്‍ ആരംഭിക്കാനും പ്രവേശന പാത ഒരുക്കാനും കേന്ദ്ര ഉപരിതല ഹൈവേ മന്ത്രാലയം മാർഗനിർദേശം പുതുക്കി പുറപ്പെടുവിച്ചു. പെട്രോൾ പമ്പുകൾ, വിശ്രമ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവക്ക് പുതിയ നിബന്ധന ബാധകമാണ്.
സുഗമമായ വാഹന ഗതാഗതത്തിന് തടസ്സം വരുന്നവിധം ദേശീയപാതയിലേക്ക് സർവിസ് റോഡില്‍നിന്ന് വാഹനം പ്രവേശിക്കുന്നതിന് പുതിയ മാർഗനിർദേശത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കിയ മാർഗനിർദേശമനുസരിച്ച് നിർമിച്ച കവാടങ്ങളിലൂടെ മാത്രമേ ഇനി പ്രവേശിക്കാനാകൂ.
മീഡിയനുള്ള നാലുവരി ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും ദേശീയപാതയിലെ വാഹന ഗതാഗതത്തിന്റെ ഒഴുക്കിന് തടസ്സം വരാത്ത വിധത്തിലായിരിക്കണം. ഇതിന് നിശ്ചിത വഴികള്‍ മാത്രമായി പരിമിതപ്പെടുത്തും. അപകടമേഖലയാകാന്‍ സാധ്യതയുള്ള സ്ഥലത്ത് പ്രവേശനം അനുവദിക്കില്ല.
ഉപറോഡുകള്‍ വരുന്നതും വലിയ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും അടിപ്പാതയോ മേല്‍പ്പാലമോ നിർമിക്കണം. എന്നാല്‍, നിബന്ധനകള്‍ക്ക് വിധേയമായി പെട്രോൾ പമ്പ്, വഴിയോര വിശ്രമകേന്ദ്രം, ആശുപത്രികള്‍ എന്നിവക്ക് ദേശീയപാതയില്‍നിന്ന് പ്രവേശന കവാടം സ്ഥാപിച്ചുകിട്ടാൻ ഫീസ് ഒടുക്കി അപേക്ഷിക്കാം.
അപേക്ഷകന്റെ വാദവും ഫീല്‍ഡ് ഓഫിസര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം താല്‍ക്കാലിക അനുമതി നല്‍കും. ജില്ലയില്‍ ദേശീയപാത 66 കടന്നുപോകുന്ന ചാവക്കാട്, കൊടുങ്ങല്ലൂര്‍ നഗരസഭകൾ, എടത്തിരുത്തി, ഏങ്ങണ്ടിയൂര്‍, കടപ്പുറം, കയ്പമംഗലം, മതിലകം, നാട്ടിക, ഒരുമനയൂര്‍, പെരിഞ്ഞനം, പോര്‍ക്കുളം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ശ്രീനാരായണപുരം, തളിക്കുളം, വാടാനപ്പള്ളി, വലപ്പാട് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് ദേശീയപാത പ്രവേശന കവാട അനുമതി (ആക്സിസ് പെര്‍മിറ്റ്) ആവശ്യമായി വരുന്നത്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആൻഡ് ഹൈവേസിന്റെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച വിശദ വിവരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.