തൃശൂര്‍: നിലക്കാത്ത മഴയിൽ നഗരം ചീഞ്ഞുനാറുന്നു. പെരുകുന്ന മാലിന്യക്കൂമ്പാരങ്ങളിൽനിന്ന് ഭൂഗർഭത്തിലേക്ക് മലിനജലം കിനിഞ്ഞിറങ്ങുകയാണ്. ഇത് ശുദ്ധജല സ്രോതസുകളെ ഇല്ലാതാക്കുന്നു. ശക്തൻ ബസ് സ്റ്റാൻഡിനോട് ചേർന്ന മാലിന്യമലയിൽനിന്ന് സമീപപ്രദേശങ്ങളിലേക്ക് മലിനജലം ഒഴുകുകയാണ്. മഴക്കാല പൂർവശുചീകരണം പേരിനുപോലും തുടങ്ങാനായിട്ടില്ല. കാനകളൊന്നും ശുചീകരിച്ചിട്ടില്ല.
കനത്ത മഴയെത്തിയാൽ മുഴുവൻ റോഡുകളിലും വെള്ളക്കെട്ടാണ്. പ്രധാന റോഡുകളിൽ കഴിഞ്ഞ വർഷങ്ങളിൽ നവീകരണം നടക്കാത്തതിനാൽ എല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. വെള്ളക്കെട്ട് ഇല്ലാതിരിക്കാൻ ബോധവത്കരണവുമായി ഇറങ്ങുന്ന അധികൃതർ പൊതുനിരത്തുകളിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കൊതുക് പ്രജനനം നടക്കുമെന്ന കാര്യം വിസ്മരിക്കുന്നു.
നഗരത്തിലെങ്ങും കൊതുകുകളുടെ മൂളിപ്പാട്ടാണ്. മഴക്കൊപ്പം എലിയും പെരുച്ചാഴിയും എങ്ങുമുണ്ട്. ഡെങ്കിപ്പനിയും മറ്റു മാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നതിനെതിരെ മുന്‍കരുതലെടുക്കേണ്ട കോര്പറേഷന് ആരോഗ്യ വിഭാഗവും ഇക്കാര്യത്തിൽ മൗനത്തിലാണ്. നഗരത്തിലെ ഏറ്റവും കൂടുതല്‍ ആളുകൾ എത്തുന്ന ശക്തൻ ബസ് സ്റ്റാൻഡ് പരിസരം മാലിന്യം നിറഞ്ഞിട്ട് അധികൃതർ അനങ്ങിയിട്ടില്ല. വിവിധ ഭാഗങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലെല്ലാം മാലിന്യം തള്ളുകയാണ് ജനം. വമ്പൻ മാലിന്യമലകൾക്കൊപ്പം നഗരത്തിൽ മാലിന്യത്തുരുത്തുകളും ഏറുകയാണ്. ആളൊഴിഞ്ഞ റോഡരികിലെല്ലാം മാലിന്യം കൂട്ടിയിടുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ കോർപറേഷനാവുന്നില്ല. അതുകൊണ്ടുതന്നെ തെരുവുനായ്ക്കളുടെ അടക്കം കേന്ദ്രമാവുകയാണ് നഗരം. മാലിന്യസംസ്കരണം പഠിക്കാൻ വിവിധ നാടുകളിലേക്ക് യാത്ര പോകുകയല്ലാതെ അധികൃതർക്ക് കൃത്യമായ നടപടികളില്ല.
മൺസൂൺ പൂർവമഴ കനത്തതോടെ ശുചീകരണം ഇനി പേരിന് മാത്രമേ നടക്കൂ. കഴിഞ്ഞ വർഷങ്ങളിലെ പ്രളയദിനങ്ങളിൽ നഗരത്തിന്റെ വിവിധ മേഖലകൾ മുങ്ങിയതെല്ലാം കോർപറേഷൻ വിസ്മരിച്ചിരിക്കുന്നു. കൃത്യമായ പദ്ധതികളോടെ മഴക്കാല പൂർവശുചീകരണവും ബണ്ട് മാലിന്യമുക്തമാക്കലും അടക്കം നടന്നില്ലേൽ കഴിഞ്ഞ വർഷങ്ങളിലെ സാഹചര്യമാണ് കാത്തിരിക്കുന്നത്. വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ ഇതുസംബന്ധിച്ച് മാസങ്ങൾക്ക് മുമ്പേ കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങളിൽ പ്രതിപക്ഷവും ക്രിയാത്മക സമീപനം കൈക്കൊള്ളാത്തതിൽ നഗരവാസികൾക്ക് ഏറെ അമർഷമുണ്ട്.
പേരാമംഗലം: സംസ്ഥാനപാതയിൽ പേരാമംഗലം സെന്ററിനു സമീപം റോഡരികിലെ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ വീണു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ പൂർണമായി തകർന്നു. ബുധനാഴ്ച രാവിലെയാണ് അപകടം. നിസ്സാര പരിക്കുകളോടെ ഓട്ടോറിക്ഷ ഡ്രൈവർ വളാഞ്ചേരി മൂടാൽ സ്വദേശി തങ്ങളകത്ത് വീട്ടിൽ ഷാഫിയാണ് രക്ഷപ്പെട്ടത്. തൃശൂരിലെ കടകളിൽ ചെരിപ്പ് വിതരണം ചെയ്ത് വളാഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
റോഡരികിലെ പൂമരമാണ് കാറ്റിൽ കടപുഴകിയത്. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. രണ്ട് വൈദ്യുതിക്കാലും അപകടത്തിൽ തകർന്നു. വൈദ്യുതി കമ്പിയിലേക്ക് മരം വീണതിനെത്തുടർന്നാണ് കാലുകൾ തകർന്നത്. തൃശൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കെ.എസ്.ഇ.ബി അധികൃതരും പേരാമംഗലം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.