തൃശൂർ: യു.ഡി.എഫ് നിലനിർത്തിയ ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് ഒന്നാമതെത്തിയത് രണ്ട് നിയമസഭ മണ്ഡലങ്ങളിൽ മാത്രം. കൈപമംഗലവും കൊടുങ്ങല്ലൂരുമാണ് രവീന്ദ്രനാഥിനെ പിന്തുണച്ചത്. കൈപ്പമംഗലത്ത് 10,688 വോട്ടിന്റെ ലീഡാണ് ഇടത് സ്ഥാനാർഥിക്ക് ലഭിച്ചത്. കൊടുങ്ങല്ലൂരിൽ 366 വോട്ടിന്റെ ലീഡും ലഭിച്ചു. കൈപ്പമംഗലവും കൊടുങ്ങല്ലൂരുമൊഴിച്ചുള്ള മണ്ഡലങ്ങളിൽ ട്വന്റി 20 സ്ഥാനാർഥിക്ക് പതിനായിരത്തിലധികം വോട്ട് ലഭിച്ചു. അങ്കമാലിയിലും കുന്നത്തുനാട്ടിലുമാണ് ബി.ഡി.ജെ.എസിന് പതിനായിരത്തിൽ താഴെ വോട്ടുള്ളത്. വോട്ടിങ് മെഷീനിൽ കൗണ്ട് ചെയ്ത വോട്ടിന് പുറമെ പോസ്റ്റൽ വോട്ടും ചേരുന്നതാണ് ഓരോ മണ്ഡലത്തിലേയും അന്തിമ കണക്ക്.
കൊടുങ്ങല്ലൂർ: 2019ൽ പരമ്പരാഗത എൽ.ഡി.എഫ് ശക്തി കേന്ദ്രമായ കയ്പമംഗലം നിയോജക മണ്ഡലത്തിൽ ബെന്നി ബെഹനാൻ 58 വോട്ടിന്റെ നേരിയ ഭൂരിപക്ഷം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷവും ഭരണവിരുദ്ധ വികാരവും ഉപയോഗപ്പെടുത്തി 2019നേക്കാൾ കൂടുതൽ മെച്ചപ്പെട്ട നിലയിൽ വോട്ട് നേടാമെന്ന് യു.ഡി.എഫ് മോഹിച്ചെങ്കിലും നടന്നില്ല. കയ്പമംഗം മണ്ഡലത്തിൽ 2019ൽ യു.ഡി.എഫ് 51,212 വോട്ട് കരസ്ഥമാക്കിയപ്പോൾ 51,154 വോട്ടാണ് എൽ.ഡി.എഫ് നേടിയത്. എൻ.ഡി.എക്ക് 24,420 വോട്ടും ലഭിച്ചു. എന്നാൽ ഈ തവണ പോസ്റ്റൽ വോട്ട് കൂടാതെയുള്ള കണക്ക് അനുസരിച്ച് 58,286 വോട്ട് എൽ.ഡി.എഫ് പെട്ടിയിൽ വീണപ്പോൾ 47,598 വോട്ടാണ് യു.ഡി.എഫ് സ്വന്തമാക്കാനായത്. 19,000ത്തോളം വോട്ട് എൻ.ഡി.എയും പിടിച്ചു.
അതേസമയം, ആധ്യപത്യം നിലനിർത്തുകയും 2019നേക്കാൾ കൂടുതൽ വോട്ട് നേടുകയും ചെതെങ്കിലും മണ്ഡലത്തിൽ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ പിന്നോട്ടടിച്ചിരിക്കുകയാണ് എൽ.ഡി.എഫ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 22698 വോട്ടിന്റെ ഭൂരിപക്ഷം നേടിയ എൽ.ഡി.എഫ് 73161 വോട്ടും സ്വന്തമാക്കിയിരുന്നു. 50463 വോട്ടാണ് യു.ഡി.എഫ് നേടിയിരുന്നത്. എൻ.ഡി.എക്ക് ലഭിച്ചത് 9067ഉം.
കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് മുന്നേറിയ കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏഴിൽ ആറ് പഞ്ചായത്തിലും അവർ ലീഡ് നേടി. പോസ്റ്റൽ വോട്ട് ഉൾപൊടാതെ തന്നെ എടതിരുത്തി പഞ്ചായത്തിൽ 1098 വോട്ടിനും പെരിഞ്ഞനത്ത് 2632 വോട്ടിനും മതിലകത്ത് 2557 വോട്ടിനും എസ്.എൻ പുരത്ത് 4189 വോട്ടിനും എടവിലങ്ങിൽ 617 വോട്ടിനും എറിയാട് 1397 വോട്ടിനും എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് മുന്നിലാണ്. കയ്പമംഗലം മാത്രമാണ് ബെന്നി ബെഹനാന് 1809 വോട്ടിന്റെ ലീഡ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.