തൃശൂര്‍: പഞ്ചവാദ്യം പിറന്ന മഠത്തിൽ വരവിൽ, വാദ്യങ്ങളെ വിസ്മയിപ്പിച്ച പല്ലാവൂർ പാരമ്പര്യം ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നു. തിരുവമ്പാടിയുടെ മഠത്തിൽ വരവിൽ ഇത്തവണ പല്ലാവൂർ പാരമ്പര്യത്തിലെ പല്ലാവൂർ ശ്രീധരനും ശ്രീകുമാറും പങ്കുചേരും. ശ്രീധരന്‍ തിമിലയിലും ശ്രീകുമാര്‍ ഇടയ്ക്കയിലുമാണ് അണിചേരുന്നത്. പാരമ്പര്യരീതികളെ അവഗണിച്ച് സ്വയം വഴിവെട്ടി വാദ്യലോകത്തേക്ക് നടന്നവരാണ് പല്ലാവൂർ സഹോദരങ്ങൾ.
തിരുവമ്പാടിയുടെ വാദ്യനിരയിലെ രണ്ടാമനായിരുന്നു പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാർ. മണിയൻ മാരാരും കുഞ്ഞുകുട്ടൻ മാരാരും അണിനിരന്ന മഠത്തിൽ വരവ് പഞ്ചവാദ്യം കേൾക്കുമ്പോഴേ ആസ്വാദകർ ആനന്ദലഹരിയിലാവും. 2001ൽ മണിയൻ മാരാരും പിന്നാലെ കുഞ്ഞുകുട്ടൻ മാരാരും അപ്പുമാരാരും മാസങ്ങളുടെ ഇടവേളയിൽ വിടപറഞ്ഞപ്പോൾ വാദ്യലോകത്തിന് പകരങ്ങളില്ലാത്ത നഷ്ടമായിരുന്നു. പല്ലാവൂര്‍ മണിയന്‍മാരാരും പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാരും മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ തീര്‍ത്ത വിസ്മയങ്ങളെ വീണ്ടും ഓർമിപ്പിക്കുകയാണ് മക്കളുടെ തിരിച്ചുവരവിലൂടെ.
പല്ലാവൂര്‍ ത്രയത്തിലെ മുതിര്‍ന്നയാൾ അപ്പുമാരാര്‍ പാറമേക്കാവ് പഞ്ചവാദ്യത്തില്‍ ഇടയ്ക്ക പ്രമാണിയായിരുന്നു. 2015 വരെ ശ്രീധരനും ശ്രീകുമാറും മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ ഉണ്ടായിരുന്നു. ശ്രീധരന്‍ 27 വര്‍ഷത്തോളമാണ് മഠത്തില്‍ വരവിലുണ്ടായത്. 2015ന് രണ്ടുപേരും തൃശൂർ പൂരത്തിനുണ്ടായില്ല. ഇടവേളക്ക് ശേഷം മറ്റ് തിരക്കുകളൊഴിവാക്കി ഇവർ വീണ്ടും തിരിച്ചെത്തുമ്പോൾ മഠത്തിന് മുന്നിൽ വീണ്ടുമൊരു വാദ്യത്തിന്‍റെ പല്ലാവൂർകാലം ഒരുങ്ങും.
ഈ വർഷം മഠത്തില്‍ വരവിന് പ്രമാണം കോങ്ങാട് മധുവിന് തന്നെയാണ്. നാല് പതിറ്റാണ്ടിലധികമായി മഠത്തിൽ വരവിലുള്ള മധുവിന്‍റെ അഞ്ചാം പ്രമാണമാണ് ഇത്തവണ. കൈക്ക് പരിക്കിനെ തുടർന്ന് അന്നമനട പരമേശ്വരമാരാര്‍ ഒഴിഞ്ഞപ്പോഴായിരുന്നു മറുപേരില്ലാതെ ആ സ്ഥാനത്തേക്ക് മധുവെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.