ചാലക്കുടി: യുവാക്കൾ മുന്നിട്ടിറങ്ങിയപ്പോൾ രണ്ടരയേക്കർ തരിശുഭൂമി കൃഷിയിടമായി. 25 വർഷത്തിലേറെയായി കൃഷിചെയ്യാതെ കിടന്ന താണിയം പേരനാട്ട് പാടത്താണ് കോവിഡ് കാലത്ത് കൃഷി ആരംഭിച്ചത്. കാടുകുറ്റി പഞ്ചായത്തിലെ പാറയം പ്രദേശത്തെ കർഷകത്തൊഴിലാളികളും യുവജനങ്ങളും ചേറിൽ ഒന്നിച്ചണിനിരന്ന് പേരനാട്ട് പാടത്തെ പച്ചയണിക്കാനുള്ള പരിശ്രമം ആരംഭിച്ചിട്ട് കുറച്ചുദിവസമായി.
ഉയർന്നപ്രദേശമായതിനാൽ എക്കാലവും ജലക്ഷാമം ഏറിയ മേഖലയാണ് പാറയം. ചെറുവാളൂര്‍ മൃഗാശുപത്രിക്കും പാറയം ബേക്കറി ജങ്ഷനും ഇടയിലെ അറ്റംനില്ക്കുന്ന പാടമാണ് പേരനാട്ട് പാടം.കൊരട്ടിച്ചാല്‍ തോടിന് സമീപം ചെന്നെത്തുന്നതാണ് ഈ പാടശേഖരം.
മൂന്ന് പതിറ്റാണ്ട് മുമ്പ് നെൽകൃഷി നിലച്ചതോടെ ഇടക്ക് എള്ളുകൃഷിയും ചിലപ്പോള്‍ കപ്പയും കൃഷി ചെയ്തിരുന്നു. പിന്നെ കാടുപിടിച്ചതോടെ സാമൂഹികവിരുദ്ധർ മദ്യപാനത്തിെൻറ വേദിയാക്കി. കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം കെ.സി. മണി, വാർഡ് അംഗം കെ.കെ. വിനയൻ, പി.സി. ശശി എന്നിവരുടെ നേതൃത്വത്തിൽ യുവാക്കൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിലമൊരുക്കിയിരുന്നു. കഴിഞ്ഞദിവസം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി ടി.കെ. വാസു ഞാറുനടീൽ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.