ചാലക്കുടി: വേനലിൽ ചാലക്കുടിപ്പുഴയെ ആശ്രയിച്ചുള്ള ജലസേചന പദ്ധതികളുടെ ആവശ്യങ്ങൾ അവസാനിക്കുന്നതുവരെ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയിൽ 24 മണിക്കൂറും ഒരേ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബേസ് ലോഡ് ഉൽപാദനരീതി നടപ്പാക്കണമെന്ന് ആവശ്യം. വേനൽ കാരണം പെരിങ്ങൽകുത്തിലെ വൈദ്യുതി ഉൽപാദനത്തിൽ നിയന്ത്രണം വന്നതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വളരെ താഴ്ന്ന അവസ്ഥയിലാണ്. ഇത് പുഴയോരത്തെ ജലസേചന പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദനത്തിനുശേഷം പുറത്തേക്ക് വിടുന്ന ജലമാണ് തുമ്പൂർമുഴിയിൽനിന്നുള്ള ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റ് ജലസേചന പദ്ധതികൾക്കും ലഭ്യമാകുന്നത്.
നിലവിൽ പെരിങ്ങൽകുത്തിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിന്റെ സിംഹഭാഗവും വൈകുന്നേരമാണ് നടക്കുന്നത്. മറ്റു സമയങ്ങളിൽ വളരെ കുറഞ്ഞ തോതിലുള്ള ഉൽപാദനമാണുള്ളത്. ഇതുമൂലം രാത്രികളിൽ കുറച്ച് സമയം ഉയർന്ന നീരൊഴുക്കും മറ്റു സമയങ്ങളിൽ തീരെ കുറഞ്ഞ നീരൊഴുക്കും എന്നതാണ് നിലവിലെ സാഹചര്യം. ജലസേചനം ഉൾപ്പെടെയുള്ള അനുബന്ധ ആവശ്യങ്ങളെ ഈ വ്യതിയാനം കാര്യമായി ബാധിക്കുന്നു. കനാലുകളുടെ അറ്റങ്ങളിൽ ജലം ഒഴുകിയെത്താത്ത സ്ഥിതിയുമുണ്ട്. തൃശൂർ, എറണാകുളം ജില്ലകളിലെ ഇരുപത്തിയഞ്ചോളം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ 10 ലക്ഷത്തോളം ജനം കുടിവെള്ളത്തിനും 20000 ഹെക്ടറോളം സ്ഥലത്തെ ജലസേചനത്തിനും ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് ചാലക്കുടിപ്പുഴ. നീരൊഴുക്ക് ക്രമാനുഗതമായി നിലനിർത്തുന്നത് നിരവധി മേഖലയിൽ ആശ്വാസമാകും.
ബേസ് ലോഡ് ഉൽപാദനരീതി നടപ്പാക്കാനാവശ്യമായ നിർദേശം വൈദ്യുതി ബോർഡിന് നൽകണമെന്നാവശ്യപ്പെട്ട് സനീഷ് കുമാർ ജോസഫ് എം.എൽ.എ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്ത് നൽകിയിട്ടുണ്ട്. ചാലക്കുടി മേഖലയിലെ പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യം നിറവേറ്റാൻ മറ്റു സംവിധാനങ്ങൾ കണ്ടെത്തണമെന്നും എം.എൽ.എ കത്തിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.