കയ്പമംഗലം: പഠിക്കാൻ കുട്ടികൾ എത്താത്തതിന്റെ പേരിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തിന് പുനർജന്മമേകിയത് പഠിതാക്കളായെത്തിയ അതിഥി തൊഴിലാളികളുടെ മക്കൾ. 95 വർഷം പിന്നിടുന്ന പെരിഞ്ഞനം അയ്യപ്പൻ മെമ്മോറിയൽ എൽ.പി സ്കൂളാണ് അതിഥി തൊഴിലാളികളുടെ കനിവിൽ അതിജീവനത്തിന്റെ പാത താണ്ടിയത്.
1928ൽ സ്ഥാപിതമായ സ്കൂളിൽ ആദ്യകാലഘട്ടങ്ങളിൽ മതിയായ വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുട്ടികളുടെ എണ്ണം കുറഞ്ഞു. പൊതുവിദ്യാലയങ്ങളടക്കം നിരവധി സ്കൂളുകൾ സമീപ പ്രദേശങ്ങളിലുണ്ട്. അതിനാൽ ഭൗതിക സാഹചര്യങ്ങൾ പരിമിതമായ അയ്യപ്പൻ മെമ്മോറിയൽ സ്കൂളിനെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്നു.സ്കൂളിനടുത്ത് താമസിച്ചിരുന്ന ബിഹാർ കുടുംബം 2009ൽ അഞ്ച് മക്കളെ സ്കൂളിൽ ചേർത്തു.
പക്ഷെ, അവർക്കൊപ്പം മക്കളെ പഠിപ്പിക്കാൻ ഇഷ്ടമില്ലാതിരുന്ന കുറച്ചുപേർ മറ്റ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റി. വേണ്ടത്ര കുട്ടികൾ ഇല്ലാതെ വന്നതിനെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാരിന്റെ അനുമതി തേടാനുള്ള നീക്കങ്ങളിലായി മാനേജ്മെന്റ്.
എന്നാൽ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാർ സമരരംഗത്തിറങ്ങി. അതോടെ മാനേജ്മെന്റ് തീരുമാനം പിൻവലിച്ചു. അധ്യാപകർ ചേർന്ന് സ്കൂൾ കെട്ടിടവും മറ്റും പുനർനിർമാണം നടത്തി. നാട്ടിലെ കുട്ടികൾ ഇല്ലെങ്കിൽ ഇതര സംസ്ഥാനക്കാരുടെ മക്കളെ പഠിപ്പിക്കാമെന്ന വാശിയിൽ അധ്യാപകരും എത്തി. തുടർവർഷങ്ങളിൽ അതിഥി തൊഴിലാളികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കുട്ടികളുൾപ്പെടെ 18 കുട്ടികൾ സ്കൂളിന് സ്വന്തമായി. നാട്ടുകാരുടെ ശ്രമഫലമായി സമീപ പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കൾ സ്കൂളിലെത്തിച്ചു.
കുട്ടികളുടെ എണ്ണത്തിലുള്ള വർധനവ് അധ്യാപകരിലും നാട്ടുകാരിലും ആവേശം ഇരട്ടിയാക്കി. പൂർവ വിദ്യാർഥികളും ചേർന്നതോടെ അയ്യപ്പൻ മെമ്മോറിയൽ സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഇന്ന് മറ്റ് വിദ്യാലയങ്ങൾക്ക് ഒപ്പമെത്തി. അതിഥി തൊഴിലാളികളും നാട്ടുകാരും പൂർവ വിദ്യാർഥികളുമുൾപ്പെടെ നിരവധിപേർ പ്രവേശനോത്സവം ആഘോഷിക്കാൻ ഇക്കുറി സ്കൂളിലെത്തി.
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അധ്യാപകരെയും മറ്റും ഇ.ടി. ടൈസൺ എം.എൽ.എ അഭിനന്ദിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് സഹായവും എം.എൽ.എ ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.