തൃശൂർ: പൂരത്തിന്റെ ഇടവേളക്ക് ശേഷം പ്രദർശന നഗരിയുടെ തറവാടക വിവാദം വീണ്ടും സജീവമായി. തറവാടക ഇനത്തിൽ 1.82 കോടി അടക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്ക് നോട്ടീസ് നൽകി. തുകയൊടുക്കിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും പൂരം പ്രദർശന കമ്മിറ്റിയുടെ സംഘാടകരായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
പൂരം പ്രദർശന നഗരിയുടെ തറവാടക വിവാദത്തിൽ വൻ തുക ബോർഡ് ചോദിക്കുന്നുവെന്ന് ദേവസ്വങ്ങളും മതിയായ തുക ലഭിക്കുന്നില്ലെന്ന ബോർഡും ആരോപണം ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇടത് ഭരണസമിതിയുടെ കാലത്താണ് ഇത് ശക്തമായത്.
ഡോ. എം.കെ. സുദർശൻ പ്രസിഡൻറായുള്ള മുൻ ബോർഡാണ് തറവാടക ഉയർത്താനുള്ള നടപടികളിലേക്ക് കടന്നത്. പിന്നീട് സി.പി.എം നേതൃത്വുവും സർക്കാറും ഇടപെട്ട് തുകയിൽ ഭേദഗതി വരുത്തുകയായിരുന്നു. ഇത്തവണയാകട്ടെ മുൻ വർഷമുണ്ടാക്കിയ ധാരണയനുസരിച്ചുള്ള വർധന വരുത്തണമെന്ന് ബോർഡ് നേരത്തെ തന്നെ നിർദേശം വെക്കുകയായിരുന്നു.
ഇതിനിടയിൽ ഹൈകോടതിയിൽ കേസ് എത്തിയതോടെയാണ് ബോർഡിന്റെയും ദേവസ്വങ്ങളുടെയും കൈയിൽനിന്ന് പോയത്. ഓഡിറ്റ് വിഭാഗത്തിൽനിന്ന് ഫയലുകൾ വരുത്തിയ ഹൈകോടതിയാണ് തുകവർധനവിനുള്ള നിർദേശംവെച്ചത്. സ്ഥലം അളന്ന് തുക നിശ്ചയിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ബോർഡ് ദേവസ്വങ്ങളെ അറിയിച്ചെങ്കിലും സ്ഥലം അളക്കാനോ തുക സംബന്ധിച്ച് ചർച്ച നടത്താനോ തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥലം അളക്കലും തുക നിശ്ചയിക്കലും നടത്തിയത്.
സ്ഥലം അളന്നു തിട്ടപ്പെടുത്തിയെന്നും ഇതിന് ചതുരശ്ര അടി ഒന്നിന് രണ്ട് രൂപ പ്രകാരം 1.82 കോടി ഉടൻ കൊച്ചിൻ ദേവസ്വം ബോർഡിന് നൽകണമെന്നും പണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് നോട്ടീസിൽ അറിയിച്ചു. പൂരം പ്രദർശന കമ്മിറ്റിക്ക് നൽകിയ നോട്ടീസ് വിവരം കോടതിയെയും ബോർഡ് അറിയിച്ചു.
അതേസമയം ഇത്രയും തുക നൽകാനാകില്ലെന്ന നിലപാടിലാണ് പൂരം പ്രദർശന കമ്മിറ്റിയും പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും. മുൻവർഷം നൽകിയതിൽനിന്ന് 10 ശതമാനത്തിന്റെ വർധനവ് നൽകാമെന്നാണ് നിലപാട്. ഭാരിച്ച തുക നൽകിയാൽ തൃശൂർ പൂരം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാകും.
പൂരം നടത്തിപ്പിന് വേണ്ട ധനം സമാഹരിക്കുന്നത് പൂരം പ്രദർശന നഗരിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. ഇത്ര വലിയ തുക തറവാടകയായി നൽകിയാൽ ദേവസ്വങ്ങൾ പ്രതിസന്ധിയിലാകുമെന്ന നിലപാടിലാണ് ഭാരവാഹികൾ. കോടതിയെ അറിയിച്ച സാഹചര്യത്തിൽ ഇനി ഹൈകോടതിയുടെയും സർക്കാറിന്റെയും ഇടപെടലാണ് പ്രതീക്ഷിക്കാനുള്ളത്.
തുക കുറവാണെന്ന് ഹൈകോടതി വ്യക്തമാക്കിയാൽ ദേവസ്വങ്ങൾക്ക് അത് കൂടുതൽ തിരിച്ചടിയാവും. നിരക്ക് കുറക്കണമെന്ന നിർദേശമുയർന്നാൽ അത് ബോർഡിനും സി.പി.എമ്മിനുമുള്ള കനത്ത പ്രഹരവുമാകും. നോട്ടീസ് നൽകിയത് നടപടിക്രമം ആണെന്നും പ്രശ്നപരിഹാരത്തിന് ഇത് തടസ്സമല്ലെന്നും ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് ഇപ്പോഴും ബോർഡ് ഉയർത്തുന്ന വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.