മാള: മെറ്റ്സ് എൻജിനീയറിങ് കോളജിൽ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. 26 കുട്ടികളെ വരിയായി നിർത്തി മർദിച്ചുവെന്ന പരാതിയിൽ സീനിയർ വിദ്യാർഥികളായ 11 പേർക്കും പഠനം പൂർത്തിയാക്കി പോയ ഒരു വിദ്യാർഥിക്കുമെതിരെ മാള പൊലീസ് കേസെടുത്തു. മർദനമേറ്റ ഒരു വിദ്യാർഥിയുടെ നില വഷളായതിനെ തുടർന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനമേറ്റ 26 കുട്ടികളും പരാതി എഴുതി കോളജ് പ്രിൻസിപ്പലിന് നൽകുകയായിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ ദൂരദിക്കുകളിൽനിന്നും രക്ഷിതാക്കൾ കോളജിൽ നേരിട്ടെത്തി. പരാതി പൊലീസിന് കൈമാറണമെന്ന് വ്യവസ്ഥ ഉള്ളതിനാലാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ 12 പേർക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേസമയം, കേസെടുത്ത 12ൽ നാലുപേർ കാഴ്ചക്കാർ മാത്രമായിരുന്നുവെന്ന് മർദനമേറ്റ വിദ്യാർഥി 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവത്തിൽ 11 വിദ്യാർഥികളെ കോളജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 26ൽ 25 വിദ്യാർഥികളും വ്യാഴാഴ്ച ക്ലാസിൽ എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് എത്തിയ വിവിധ ദൃശ്യമാധ്യമങ്ങളെ കോളജിന് മുന്നിൽ തടഞ്ഞതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.