പെരുമ്പിലാവ്: ചാലിശ്ശേരിയിൽ കെ.വി. രാജൻ റേഷൻ പൊതുവിതരണ കേന്ദ്രം തുടങ്ങിയിട്ട് നാലര പതിറ്റാണ്ട്. താലൂക്ക് പരിധിയിൽ ഒരാൾ തന്നെ റേഷൻകട നടത്തുന്ന അപൂർവതയും ഇദ്ദേഹത്തിന് സ്വന്തം. 18ാം വയസ്സിൽ മെയിൻ റോഡ് ശങ്കരൻ നമ്പ്യാരുടെ റേഷൻകടയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ച് പൊതുവിതരണ രീതികൾ പഠിച്ചു. 20 ാമത്തെ വയസ്സിൽ ചാലിശ്ശേരി ടൗൺ ഹൈസ്കൂളിനു സമീപമുള്ള 122 നമ്പർ റേഷൻകടയിലേക്ക് എത്തി.
45 വർഷമായി റേഷൻ കടയിലേക്ക് പ്രായവ്യത്യാസം കൂടാതെ എത്തുന്നവരുമായി സ്നേഹത്തോടെയുള്ള ഇടപഴകലും ഒരോ കാർഡുടമകൾക്കും ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണത്തിലുള്ള കൃത്യതയും പൊതുവിതരണ രംഗത്ത് രാജനെ വിശ്വസ്തനാക്കി. കോവിഡ് കാലത്തും മുഴുവൻ സമയത്തും പൊതുവിതരണ രംഗത്ത് സജീവമായി.
64 വയസ്സ് പിന്നിടുമ്പോഴും ജന്മംകൊണ്ട് നാട്ടുകാരനെല്ലെങ്കിലും കർമം കൊണ്ട് ചാലിശ്ശേരിയിൽ ഒരാളായി ഇതിനകം രാജൻ മാറി കഴിഞ്ഞു. ഗ്രാമത്തിലെ ഓരോ കുടുംബത്തിലെയും മൂന്ന്, നാല് തലമുറകളുമായും ഓട്ടോ-ടാക്സി ചുമട്ടുതൊഴിലാളികൾ എന്നിവരുമായുള്ള ഏറെ സ്നേഹബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം നാട്ടുകാരുടെ സ്വന്തം രാജേട്ടനായി.
ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും ഒരു ദിവസംപോലും ചാലിശ്ശേരിയിൽ എത്തിയില്ലെങ്കിൽ ഏറെ പ്രയാസമാണെന്നും അതിനാൽ ഇനിയും ഏറെനാൾ സ്ഥാപനവുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. കോതച്ചിറ പാലക്കൽ വീട്ടിൽ (കൊല്ലത്ത് വളപ്പിൽ ) കേശവൻ നമ്പ്യാർ-കമ്മലു അപ്പിശ്ശി ദമ്പതിമാരുടെ നാലുമക്കളിൽ മൂത്തയാളാണ് രാജൻ. ഉഷയാണ് സഹധർമ്മിണി. ശ്രീകാന്ത്, ശ്രുതി, ശ്രീരാജ് എന്നിവർ മക്കളും അമൃത, സുധീഷ് മരുമക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.