മതിലകം: ദേശീയപാത 66ൽ വാഹനങ്ങൾ റോഡരികിലേക്ക് ഇടിച്ചുകയറിയുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നു. ഇത്തരം അപകടങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്ന് ഡ്രൈവർമാരുടെ ഉറക്കമാണ്. ദീർഘദൂര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെടുന്നത്. അപാകതകളുള്ള റോഡുകൾ ഡ്രൈവർമാർക്ക് പരിചയമില്ലാത്തതും വില്ലനാണ്. മതിലകത്തും പരിസരങ്ങളിലും ഈ രീതിയിലുള്ള അപകടങ്ങൾ നിരവധിയാണ്.
കൊടുങ്ങല്ലൂരിനും തൃപ്രയാറിനുമിടയിൽ അനുദിനം അപകടം വർധിക്കുന്നു. ചില ദിവസങ്ങളിൽ മൂന്നു അപകടങ്ങൾ വരെ ഉണ്ടാകാറുണ്ട്. മരണങ്ങളും സംഭവിക്കുന്നുണ്ട്. യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെടുന്നതും കുറവല്ല. ചൊവ്വാഴ്ച പുലർച്ച മതിലകത്ത് കാറിടിച്ച് വൈദ്യുതി തൂൺ തകർന്നു. മതിലകം പൊലീസ് ക്വാർട്ടേഴ്സിന് മുൻഭാഗത്തായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ കാറാണ് പുലർച്ച രണ്ടരയോടെ അപകടത്തിൽപെട്ടത്. തെക്കേ ദിശയിൽനിന്ന് വന്ന കാർ വൈദ്യുതി തൂൺ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് ക്വാർട്ടേഴ്സ് മതിലിൽ ഇടിച്ചാണ് നിന്നത്. കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മുമ്പ് ഉറക്കം വില്ലനാകുന്ന അപകടങ്ങൾ ഏറിയതോടെ നടപടികളുമായി പൊലീസ് മുന്നോട്ടുവന്നിരുന്നു. സന്നദ്ധ സംഘങ്ങളുടെ സഹകരണത്തോടെ രാത്രി വാഹന ഡ്രൈവർമാർക്ക് കട്ടൻചായ വിതരണം ചെയ്യുകയും വിശ്രമിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതോടെ വാഹനങ്ങൾ ഇടിച്ചുകിടക്കുന്ന പുലർക്കാല കാഴ്ചക്ക് കുറവ് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.