തൃപ്രയാർ: കുടിവെള്ള പദ്ധതിക്കുവേണ്ടി അഞ്ചുവർഷമായി പൊളിച്ച് നന്നാക്കാത്ത റോഡുകൾ വീണ്ടും പൈപ്പിടാൻ പൊളിക്കാൻ അനുവാദം നൽകിയാൽ ഉദ്യോഗസ്ഥരെയും കരാറുകാരെയും ജനകീയമായി നേരിടുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ. ബുധനാഴ്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം.എൽ.എ രോഷം പ്രകടിപ്പിച്ചത്.
മേഖലയിലെ ജനങ്ങൾ അനുഭവിച്ചുവരുന്ന ദുരിതങ്ങളെ അറിഞ്ഞാണ് എം.എൽ.എ കടുത്ത ഭാഷയിൽ രോഷം പ്രകടിപ്പിച്ചത്. വിവിധ കുടിവെള്ള പദ്ധതികൾക്കായി തൃപ്രയാർ-ചേർപ്പ് റോഡ്, ചാഴൂർ, അന്തിക്കാട്, താന്ന്യം, നാട്ടിക, അന്തിക്കാട്, തളിക്കുളം, വലപ്പാട് പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ എന്നിവയാണ് പൊളിച്ചിട്ടവ. നവംബറിൽ പൂർത്തീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നാട്ടിക പ്രോജക്ട് ഡിവിഷൻ ഉദ്യോഗസ്ഥർക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. കഴിഞ്ഞ നിയമസഭ സെക്ഷനിൽ സി.സി. മുകുന്ദൻ ഈ വിഷയം നിയമസഭയിൽ കൊണ്ടുവന്നതോടെയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരെ മന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് അടിയന്തര യോഗം ചേർന്നത്. നവംബറിൽ നിർമാണം പൂർത്തീകരിച്ച് റിപ്പോർട്ട് സമ്മർപ്പിക്കാനും റോഡ് റെസ്റ്ററേഷൻ പ്രവൃത്തികൾ നടക്കുന്ന സമയത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ തുടങ്ങിയവർ സ്ഥലത്ത് ഉണ്ടാകണമെന്നും നിർദേശം നൽകി. നാട്ടിക നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾ നേരിട്ട് മോണിറ്ററിങ് ചെയ്യുന്നതിനായി ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. യോഗത്തിൽ ജല അതോറിറ്റി എം.ഡി, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, നാട്ടിക പ്രോജക്ട് ഡിവിഷൻ ഉദ്യോഗസ്ഥർ, നിർമാണം ഏറ്റെടുത്ത വിവിധ കരാറുക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.