തൃശൂര്‍: കെ.എസ്.ആര്.ടി.സി ബസിടിച്ച് തകര്‍ന്ന തൃശൂരിലെ ശക്തന് തമ്പുരാന് പ്രതിമ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ശില്പി കുന്നുവിള എം. മുരളിയുടെ നേതൃത്വത്തില്‍ പാപ്പനംകോട് സിഡ്കോ വ്യവസായ പാര്‍ക്കിലേക്കാണ് പ്രതിമ ലോറിയില്‍ കൊണ്ടുപോയത്. രണ്ട് മാസത്തിനകം പുതുക്കിപ്പണിത് പുനഃസ്ഥാപിക്കുമെന്ന് പ്രതിമ മാറ്റുന്നതിനോട് അനുബന്ധിച്ച് എത്തിയ മന്ത്രി കെ. രാജന് അറിയിച്ചു.
പ്രതിമ നിര്‍മിച്ച ശില്പി കുന്നുവിള മുരളിയുടെ നേതൃത്വത്തില്‍ തന്നെയാണ് പുനര്‍നിര്‍മിക്കുന്നത്. പ്രാവീണ്യവും മുന്‍പരിചയവും ശക്തന് തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് മുരളിയെ തന്നെ പുനര്‍നിര്‍മാണത്തിന്റെ ചുമതല ഏല്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുനര്‍നിര്‍മാണത്തിന്റെ പകുതി ചെലവ് കെ.എസ്.ആര്.ടി.സി വഹിക്കാന്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ബാക്കി പകുതി ചെലവ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന പി. ബാലചന്ദ്രന് എം.എല്‍.എ പറഞ്ഞു. കോര്പറേഷന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തിയും ഒപ്പമുണ്ടായിരുന്നു. ജൂണ്‍ ഒമ്പതിനാണ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് പ്രതിമ തകര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.