തൃശൂർ: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ വാട്ടർ അതോറിറ്റിക്കും കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു. ചെവ്വൂർ കളരിക്കൽ ബിജുവിന് (42) പരിക്കേറ്റ സംഭവത്തിലാണ് വാട്ടർ അതോറിറ്റി പെരുമ്പിള്ളിശ്ശേരി ഓഫിസിലെ അസിസ്റ്റന്‍റ് എൻജിനീയർ, ഓവർസിയർ, കരാറുകാരൻ എന്നിവർക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തത്. ആനക്കല്ല്-പൂച്ചിന്നിപ്പാടം മെക്കാഡം റോഡിൽ ആറാംകല്ല് ബസ് സ്റ്റോപ്പിന് സമീപത്ത് ഏപ്രിൽ ഒമ്പതിനാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന് വീണ് പരിക്കേറ്റത്. പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയില്ലാതെ മെക്കാഡം റോഡിൽ കുഴിയുണ്ടാക്കി ചോർച്ച അടച്ചശേഷം കുഴി മൂടിയിരുന്നില്ല. ഈ കുഴിയിൽ ബിജു വീഴുകയായിരുന്നു. മുൻവശത്തെ പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ല് തകരുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. ഒരുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബിജു നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ പൊലീസ്-വാട്ടർ അതോറിറ്റി അധികൃതർ, മൂന്നുമാസം മുമ്പാണ് റോഡിൽ കുഴിയെടുത്തതെന്നും ഇതുവരെയും മൂടിയില്ലെന്നും അടക്കുകയോ അടയാള ബോർഡ് സ്ഥാപിക്കുകയോ ചെയ്തില്ലെന്നും കണ്ടെത്തി. മെക്കാഡം റോഡ് കുഴിക്കാൻ പാടില്ലെന്നാണ് നിർദേശമെങ്കിലും അനിവാര്യ സാഹചര്യങ്ങളിൽ അനുമതി നൽകാറുണ്ട്.
എന്നാൽ, ഈ സംഭവത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം അനുമതി നൽകിയിട്ടില്ല. അനുമതി നൽകിയാലും പണി തീർത്ത് ഒരാഴ്ചക്കകം കോൺക്രീറ്റ് ചെയ്യണമെന്നാണ് നിബന്ധന. ഇതും പാലിക്കപ്പെട്ടിട്ടില്ല. അനുമതി വാങ്ങാത്തതും കുഴിയടച്ച കാര്യം പരിശോധിക്കാൻ ചുമതലപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അലംഭാവവും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസെടുത്തതോടെ വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.