അതിരപ്പിള്ളി: ആനമല പാതയിൽ കാട്ടാനയെത്തിയാൽ വഴിയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന പുതിയ മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു. കാട്ടാനകൾ പതിവായി പാത മുറിച്ച് കടക്കുന്ന തുമ്പൂർമുഴിയിലാണ് രണ്ടാമത്തെ കാട്ടാന മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നത്.
തുമ്പൂർമുഴി മുതൽ ചിക്ലായി പെട്രോൾ പമ്പ് വരെയുള്ള പ്രദേശങ്ങളിൽ രാവിലെയും വൈകീട്ടും കാട്ടാനകൾ പതിവായി റോഡ് മുറിച്ച് കടക്കുന്നതും റോഡിൽ നിലയുറപ്പിക്കുന്നതും പതിവാണ്. ഇതുകൊണ്ടുതന്നെ അതിരപ്പിള്ളി റോഡിൽ വളരെ അപകടകരമായ മേഖലയാണിത്.
റോഡിൽ നിരവധി വളവുകളുള്ളതു കാരണം സഞ്ചാരികളും നാട്ടുകാരും ആനക്കൂട്ടത്തിന്റെ മുന്നിൽ പെടാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് പ്രദേശത്തെ രണ്ടാമത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എലിഫന്റ് ഡിറ്റക്ഷൻ കാമറകൾ വനംവകുപ്പ് തുമ്പൂർമുഴിയിൽ സ്ഥാപിക്കുന്നത്.
കാമറയുടെ 100 മീറ്റർ ചുറ്റളവിലുള്ള വനത്തിൽ രാത്രിയും പകലും ആനകൾ എത്തിയാൽ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന എൽ.ഇ.ഡി ബോർഡുകളിൽ മലയാളത്തിലും ഇംഗ്ലീഷിലും മുന്നറിയിപ്പ് തെളിയും. പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടം ആരംഭിക്കുന്ന ഭാഗത്തായാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ആനമല സൊസൈറ്റിയുടെ ഭാഗത്ത് കാമറ സ്ഥാപിച്ചിരുന്നു. സൗരോർജപാനൽ ഉപയോഗിച്ചാണ് കാമറകൾ പ്രവർത്തിക്കുന്നത്.
ആനമല പാതയിൽ കാട്ടാനകളുടെ സാന്നിധ്യം നാളുകളായി വർധിക്കുന്നുണ്ട്. അമ്പലപ്പാറ മേഖലയിൽ കപാലിയെന്ന പേരിൽ അറിയപ്പെടുന്ന കാട്ടാന റോഡിലിറങ്ങി യാത്രക്കാർക്ക് തടസ്സമുണ്ടാക്കാറുണ്ട്. ഏതാനും നാൾ മുമ്പ് ആനക്കയം മേഖലയിൽ ആദിവാസിയെ കാട്ടാന പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ് കൊന്നിരുന്നു.
ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പാണ് രണ്ട് ആദിവാസികൾക്ക് കാട്ടാനയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.