ആമ്പല്ലൂർ: നെടുമ്പാൾ കോഴിഫാമിൽ പട്ടാപ്പകൽ തെരുവുനായ് ആക്രമണത്തിൽ ആയിരത്തിലേറെ കോഴികൾ ചത്തു. നിരവധി കോഴികൾക്ക് പരിക്കുമുണ്ട്. നെടുമ്പാൾ കുറ്റിപറമ്പിൽ ഉണ്ണികൃഷ്ണന്റെ ഫാമിൽ വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം.
ഉണ്ണികൃഷ്ണനും ഭാര്യ സീമയും രാവിലെ കോഴികൾക്ക് തീറ്റ നൽകി പോയതിനു പിന്നാലെയെത്തിയ ആറ് തെരുവുനായ്ക്കൾ കൂട് തകർത്ത് അകത്തു കയറുകയായിരുന്നു. പത്ത് ദിവസം കഴിഞ്ഞാൽ വിൽപനക്ക് പാകമാകുന്ന 1675 കോഴികളുണ്ടായിരുന്നു ഫാമിൽ. അകത്തു കയറിയ നായ്ക്കൾ കോഴികളെയെല്ലാം ആക്രമിക്കുകയായിരുന്നു. ഉണ്ണികൃഷ്ണനും ഭാര്യയും കോഴികളുടെ ശബ്ദം കേട്ടെത്തിയാണ് തെരുവുനായ്ക്കളെ ഓടിച്ചത്.
ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫാം ഉടമ പറഞ്ഞു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പഞ്ചായത്തംഗം ബീന സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം രാത്രിയിൽ നെടുമ്പാൾ, തൊട്ടിപ്പാൾ മുളങ്ങ്, പള്ളം പ്രദേശങ്ങളിൽ ഇരുചക്ര വാഹനയാത്ര ദുഷ്കരമാണെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.