തൃശൂർ: വേനൽമഴ കനിയാൻ മടിച്ചാൽ ജില്ല വൈകാതെ കുടിവെള്ള പ്രതിസന്ധിയിലേക്ക് നീങ്ങും. ഇപ്പോൾ തന്നെ പല ഭാഗത്തും കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നുണ്ട്. അണക്കെട്ടുകളിലെ അവശേഷിക്കുന്ന വെള്ളം കർശനമായ വ്യവസ്ഥകളോടെ കനാലുകൾ വഴി തുറന്നുവിട്ടാണ് ഒരു പരിധിവരെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നത്.
എന്നാൽ അണക്കെട്ടുകളിലെ വെള്ളം ഇനിയെത്രനാൾ എന്നത് വേനൽമഴയെ ആശ്രയിച്ചിരിക്കും. തിരുവനന്തപുരത്ത് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കിട്ടിയ തോതിൽ വേനൽമഴ പെയ്യാത്തതാണ് ജില്ലയിൽ ആശങ്ക ജനിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി അങ്ങിങ്ങ് വേനൽ മഴ പെയ്തെങ്കിലും ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ ദുർബലമാണ്. മലയോര മേഖലകളിലും മറ്റും മഴ ശക്തമാവുകയും പൊതുവെ ഭൂഗർഭ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന അളവിൽ മഴ ശക്തമായില്ലെങ്കിൽ കുടിവെള്ളം മുട്ടുമെന്നതാണ് അവസ്ഥ.
പീച്ചി, വാഴാനി അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് എന്ന വ്യവസ്ഥയോടെ കനാലുകളിലൂടെ വെള്ളം വിടുന്നത്. ഡാം ഷട്ടറുകൾ അടച്ച ശേഷം കുടിവെള്ളത്തിനായി വീണ്ടും തുറക്കേണ്ടി വന്നാൽ അതിനുള്ള വെള്ളം ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
പീച്ചി, വാഴാനി, ചിമ്മിനി അണക്കെട്ടുകളിൽ സമീലകാലത്തൊന്നും ജലനിരപ്പ് ഇത്രകണ്ട് കുറഞ്ഞിട്ടില്ല. കാലവർഷം എത്താൻ ഇനിയും സമയമെടുക്കും. ശക്തിയായ വേനൽ മഴ മാത്രമാണ് ആശ്രയം. ജില്ലയിൽ പലയിടത്തും ശനിയാഴ്ചയും മഴ ചെറിയ തോതിൽ പെയ്തെങ്കിലും ആശ്വസിക്കാനുള്ള വകയില്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഇത്തവണ വേനൽമഴ കൂടുതൽ കിട്ടിയത് തൃപ്രയാർ മേഖലയിലാണ്. വെള്ളിയാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ തൃപ്രയാറിൽ 13.5 സെ.മീ മഴ പെയ്തു.
കഴിഞ്ഞ വർഷം കാലവർഷവും തുലാവർഷവും ദുർബലമായത് അണക്കെട്ടുകളിൽ ജല സംഭരണത്തെ ബാധിച്ചു. 60 ശതമാനം വെള്ളം സംഭരിച്ച് തൃപ്തിപ്പെടേണ്ടി വന്നു. അതിൽനിന്നാണ് കൃഷിക്കും കുടിവെള്ളത്തിനുമായി പല തവണ തുറന്നുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.