അതിരപ്പിള്ളി: തുമ്പൂർമുഴി വലതുകര കനാലിൽ വീണ്ടും കാർ വീണു. ശനിയാഴ്ച കാർ വീണ അതേ സ്ഥലത്ത് തന്നെയാണ് ഞായറാഴ്ചയും അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ കഴിഞ്ഞ ദിവസം യാത്രക്കാരെ രക്ഷിച്ച മേനാച്ചേരി അക്വിനാസിെൻറ മകൻ സെബി, ടൂറിസ്റ്റുകളായ കയ്പമംഗലം സ്വദേശി ഷിഫാസ്, ബിജീഷ് മൂന്നുപീടിക എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.
തിരുപ്പൂർ സ്വദേശിയായ പെരിയതോട്ടം അസദുല്ലയും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഭാര്യയും മൂന്ന് പെൺമക്കളും ഒരു മകനും അടക്കം ആറ് പേരാണ് ഇന്നോവ കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ചാലക്കുടി ഭാഗത്തുനിന്ന് അതിരപ്പിള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഉച്ചക്ക് 12.30ഓടെയാണ് 20 അടിയിൽ പരം താഴ്ചയുള്ള കനാലിൽ വീണത്.
കഴിഞ്ഞ ദിവസത്തേക്കാൾ വെള്ളം ഉണ്ടായിരുന്നു. ആറടിയോളം വെള്ളത്തിൽ കാർ ഒഴുകിപ്പോകുന്നത് കണ്ട് സെബിയും മറ്റുള്ളവരും വെള്ളത്തിൽ ചാടി കാറിനുള്ളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. തുടർന്ന് തുമ്പൂർമുഴി ഇറിഗേഷൻ അധികൃതരെ അറിയിച്ച് കനാൽ അൽപനേരത്തേക്ക് അടച്ച് കാറ് കയറ്റാനുള്ള ശ്രമം നടത്തി. അതിരപ്പിള്ളി എസ്.ഐ പി.ഡി. അനിൽകുമാറും സംഘവും സ്ഥലത്തെത്തി മറിഞ്ഞ സ്ഥലത്ത് ബാരിക്കേഡ് നിർമിച്ചു.
സ്ഥിരമായി അപകടമുണ്ടാകുന്നതിനാൽ അവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും ഹംപ് നിർമിക്കാനും പി.ഡബ്ല‍്യൂ.ഡി അധികൃതരോട് പൊലീസ് നിർദേശം നൽകി. ശനിയാഴ്ച ഉച്ചക്ക് 12ന് യുവാക്കൾ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. ഏറെ താഴ്ചയുള്ള കനാലിൽ വെള്ളം ഉണ്ടായിരുന്നതിനാലാണ് രണ്ട് അപകടങ്ങളിലും യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.