തൃശൂർ: കഴിഞ്ഞ ജൂലൈ 30ന് പീച്ചി ഡാം മാനേജ്മെന്റിന്റെ ഗുരുതര വീഴ്ച കാരണം ഡാം ഷട്ടറുകൾ 72 ഇഞ്ച് തുറന്ന് പ്രളയത്തിന് കാരണമാവുകയും ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ വൻനാശം ഉണ്ടാവുകയും ചെയ്തതിന് എതിരായ പരാതി ഈമാസം 20ന് കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ ലോകായുക്ത പരിഗണിക്കും.
കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് പരാതിക്കാരൻ. ഇറിഗേഷൻ ഉദ്യോഗസ്ഥർ റൂൾ കർവ് നിയമം പാലിക്കാതെ ഡാം ഷട്ടറുകൾ തുറന്നതാണ് വൻനാശത്തിന് ഇടയാക്കിയതെന്നാണ് പരാതി. ഇതുസംബന്ധിച്ച് പൊലീസ് കമീഷണർക്കും കലക്ടർക്കും പരാതി നൽകിയിരുന്നു.
കലക്ടറുടെ നിർദേശപ്രകാരം സബ് കലക്ടർ നടത്തിയ അന്വേഷണത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. 48 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഡി.ജി.പിക്കും പൊലീസ് കമീഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീച്ചി പൊലീസ് സ്റ്റേഷൻ ഓഫിസർ നടത്തിയ അന്വേഷണത്തിലും ഇറിഗേഷൻ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കുകയോ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയും നഷ്ടം ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ലോകായുക്തക്ക് അഡ്വ. ഷാജി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.