തൃശൂർ: സ്വരാജ് റൗണ്ടിലെ തേക്കിൻകാടിനോട് ചേർന്ന് തകർന്നുകിടക്കുന്ന ഔട്ടർ കാൽനടപ്പാത സംബന്ധിച്ച പരാതിയിൽ അടിയന്തര നടപടിയെടുക്കാനുള്ള നിർദേശം പാലിക്കാതിരുന്നതിനെ തുടർന്നുള്ള കോടതിയലക്ഷ്യ ഹരജിയിൽ ഒരാഴ്ചക്കകം വിശദീകരണം നൽകാൻ തൃശൂർ കോർപറേഷന് ഹൈകോടതി നിർദേശം.
കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് കോടതിയെ സമീപിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള നടപ്പാത പാട്ടത്തിനെടുത്തതാണെന്നും നവീകരിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്നും കാണിച്ച് കോർപറേഷൻ നൽകിയ വിവരാവകാശ പ്രകാരമുള്ള മറുപടിയോടെ ഷാജി കോടങ്കണ്ടത്ത് നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. കുട്ടികളുടെ പാർക്ക് മുതൽ ഭൂഗർഭപാത വരെയുള്ള 500 മീറ്റർ ദൂരം മാത്രം നടപ്പാത നവീകരണം നടത്താതെ തകർന്നുകിടക്കുകയാണ്. 500 മീറ്റർ ദൂരം മാത്രമുള്ള നടപ്പാത നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷന് പരാതി നൽകിയിരുന്നു.
ഇതിൽ നടപടിയില്ലാത്ത സാഹചര്യത്തിലായിരുന്നു കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ നടപടിയെടുക്കാൻ ഈ വർഷം ഏപ്രിലിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതി അവധിക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും നടപടി അറിയിക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തത്. ഔട്ടർ കാൽനടപ്പാതയിലെ കുട്ടികളുടെ പാർക്കിന്റെ തെക്ക്-കിഴക്കേ കവാടം മുതൽ തെക്ക് ഭാഗത്തെ സ്വരാജ് റൗണ്ടിലെ ഭൂഗർഭപാത വരെയുള്ള ഒരു ഭാഗം ടൈൽ വിരിച്ച് നവീകരിച്ചപ്പോൾ ഭൂഗർഭപാത മുതൽ പാർക്കിന്റെ കിഴക്കേ കവാടം വരെയുള്ള ഭാഗം ഒരു നവീകരണവും നടത്താതെ കിടക്കുകയാണ്.
ഒരു ഭാഗത്ത് ടൈൽ വിരിച്ച് നവീകരണം നടത്തിയത് ആരെന്നത് ഫയൽ നോക്കിയാൽ മാത്രമേ അറിയാനാവൂവെന്നും നിലവിൽ പുതിയ പദ്ധതികളൊന്നും ഇവിടെയില്ലെന്നുമാണ് കോർപറേഷൻ വിശദീകരണം. ടൈൽ വിരിച്ച ഭാഗത്ത് തന്നെ പലയിടങ്ങളിലും ടൈലുകൾ പൊട്ടുകയും ഇളകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മറുഭാഗത്ത് കുഴികളായും കല്ലുകളുയർന്നും കാൽനടക്കാർക്ക് അപകട ഭീഷണിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.