അന്തിക്കാട്: താന്ന്യം പഞ്ചായത്തിലെ ഗവ. ആശുപത്രിക്ക് സമീപമുള്ള കിടപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. വിഗ്രഹത്തിൽ ചാർത്തിയ എട്ട് പവന്റെ നാല് സ്വർണമാലകൾ കവർന്നു. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനായിരുന്നു മോഷണവിവരം അറിയുന്നത്. ക്ഷേത്ര നടവാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഒപ്പം തന്നെ സ്ട്രോങ് റൂമിലെ ലൈറ്റ് കത്തിക്കിടക്കുന്നതും കണ്ടു.
സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് സ്ട്രോങ് റൂമിന്റെ അലമാര കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പരിശോധിച്ചപ്പോഴാണ് സ്വർണമാലകൾ നഷ്ടപ്പെട്ട വിവരമറിയുന്നത്.
പ്രദേശത്ത് വർധിച്ച് വരുന്ന മോഷണ പരമ്പര പൊലീസിന് തലവേദനയാകുന്നുണ്ട്. അന്തിക്കാട് എസ്.ഐ.എ ഹബീബുല്ലയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.