തൃശൂർ: ശക്തൻ നഗറിൽ അമൃത് പദ്ധതിയില്‍ 11 കോടി ചെലവിട്ട് കോർപറേഷൻ നിർമിച്ച ശീതീകരിച്ച ആകാശപ്പാതയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുമെന്ന് മേയർ എം.കെ. വർഗീസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിന്റെ സ്വിച്ചോണ്‍ മന്ത്രി കെ. രാജനും ലിഫ്റ്റ് ശൃംഖല മന്ത്രി ഡോ. ആര്. ബിന്ദുവും ആകാശപ്പാതയുടെ നെറ്റ് സീറോ എനര്‍ജി തലത്തിലുള്ള സൗരോര്‍ജ പാനല്‍ പ്രവര്‍ത്തനം കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും സി.സി ടി.വിയുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എയും നിർവഹിക്കും. ചടങ്ങിൽ മേയർ അധ്യക്ഷത വഹിക്കും.
ഒന്നാംഘട്ടത്തില്‍ ആകാശപ്പാതയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കില്‍ രണ്ടാംഘട്ടത്തില്‍ പൂര്‍ണമായി ശീതീകരിച്ച നാലു പ്രവേശനകവാടങ്ങളിലും ലിഫ്റ്റുകളും നെറ്റ് സീറോ എനര്‍ജിക്കായി സൗരോര്‍ജം ഉൽപാദിപ്പിക്കാൻ സോളാര്‍ പാനലുകളും 20 സി.സി ടി.വി കാമറകളും ഉൾപ്പടെയാണ് പൂർത്തീകരിച്ചിട്ടുള്ളത്.
ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ- മാംസ മാർക്കറ്റ്, പഴം- പച്ചക്കറി മാർക്കറ്റ്, ശക്തൻ പ്രദർശന ഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് ആകാശപ്പാതയിലേക്ക് ലിഫ്റ്റിലൂടെയും ചവിട്ടുപടികളിലൂടെയും പ്രവേശിക്കാം. എട്ടുകോടി രൂപ ചെലവിൽ ആകാശപ്പാതയുടെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.
2018ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം 2019ലാണ് ആരംഭിച്ചത്. കിറ്റ്കോയാണ് രൂപകൽപന. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. ഷാജൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.