അഴീക്കോട്: വള്ളത്തിൽ വിവിധയിനം മത്സ്യങ്ങളാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമൊരുക്കി മത്സ്യത്തൊഴിലാളികളുടെ ആദരം. ബുധനാഴ്ച പി. വെമ്പല്ലൂരിൽ നടക്കുന്ന കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ചിത്രകാരൻ ഡാവിഞ്ചി സുരേഷാണ് ചിത്രം ഒരുക്കിയത്. ‘സംസം’ ഇൻബോർഡ് വള്ളത്തിൽ 16 അടി വലിപ്പത്തിൽ പ്ലൈവുഡിന്റെ തട്ടടിച്ച് വിവിധ നിറങ്ങളിലുമുള്ള 38 തരം മത്സ്യങ്ങളുപയോഗിച്ചാണ് ചിത്രം തീർത്തത്.
വിവിധ മാധ്യമങ്ങളിൽ ചിത്രങ്ങളൊരുക്കി വ്യത്യസ്തത തീർക്കുന്ന ഡാവിഞ്ചി സുരേഷിന്റെ 93ാമത്തെ ചിത്രമാണിത്. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ എട്ട് മണിക്കൂർ സമയമെടുത്താണ് ചിത്രരചന പൂർത്തിയാക്കിയത്. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങൽ, പി.എച്ച്. റാഫി, ശക്തിധരൻ, അഷ്റഫ് പൂവത്തിങ്കൽ എന്നിവരും വള്ളത്തിലെ ജീവനക്കാരും സുരേഷിന്റെ സഹായികളായ ഷെമീർ പതിയാശേരി, ഫെബിതാടി, രാകേഷ് പള്ളത്ത്, കാമറാമാൻ സിംബാദ് എന്നിവരും സഹായികളായുണ്ടായിരുന്നു.
മൂന്ന് വർഷമായി മനസ്സിലുള്ള മത്സ്യങ്ങൾ കൊണ്ടുള്ള ചിത്രം എന്ന ആശയം സാക്ഷാത്കരിക്കാൻ സുരേഷിന് സഹായകമായത് ഇ.ടി. ടൈസൺ എം.എൽ.എയും നവകേരള സദസ്സ് മണ്ഡലം ജനറൽ കൺവീനറും ജില്ല ലേബർ ഓഫിസറുമായ എം.എം. ജോവിനുമാണ്. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കുള്ള ആദരമാണ് മത്സ്യചിത്രം. ബുധനാഴ്ച എം.ഇ.എസ് അസ്മാബി കോളജിലാണ് നവകേരള സദസ്സ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.