കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാത്രി വാക്സിൻ വിതരണം നടത്തുന്നത് സംഘർഷത്തിൽ കലാശിച്ചു. വാക്സിൻ മേളയുടെ ഭാഗമായി ശനിയാഴ്ച രാത്രി 7.30ഓടെയാണ് 200ഓളം കോവിഷീൽഡ് വാക്സിൻ എത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ പോർക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുള്ളവരും കുന്നംകുളം നഗരസഭയിൽ നിന്നുള്ളവരുമായി നൂറുകണക്കിനാളുകൾ തടിച്ചുകൂടിയതാണ് വാക്തർക്കത്തിനും സംഘർഷത്തിനും ഇടയാക്കിയത്.
പോർക്കുളം പഞ്ചായത്തിലെ 13 വാർഡുകളിലുള്ളവർക്കും നഗരസഭയിലെ ഒമ്പത്, 10, 12, 13, 14 വാർഡുകളിലുള്ളവർക്കുമാണ് പോർക്കുളം പി.എച്ച്.സിയിൽനിന്ന് വിതരണം ചെയ്യുന്നത്. ഓരോ വാർഡുകളിൽനിന്നും 11 പേർക്ക് മാത്രം വാക്സിൻ നൽകാമെന്ന് അധികൃതർ വ്യക്തമാക്കിയതെങ്കിലും രാത്രി ഏറെ വൈകി വാക്സിൻ വന്നിട്ടുണ്ടെന്ന വിവരം പരന്നതോടെയാണ് സ്ത്രീകൾ ഉൾപ്പെടെ ഓടിക്കൂടിയത്.
ഭരണകക്ഷിക്കാർക്ക് വാക്സിൻ വിതരണം ചെയ്തതായും ആക്ഷേപമുണ്ട്. രാത്രിയുടെ മറവിൽ വാക്സിൻ കച്ചവടം നടത്തുന്നതായും ആക്ഷേപമുയർന്നു. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ഏറെ വൈകിയും വാക്സിൻ വിതരണം തുടരുകയാണ്.
ട്രിപ്ൾ ലോക്ഡൗൺ: കുന്നംകുളം നഗരത്തിൽ പരിശോധന ശക്തം
കുന്നംകുളം: ട്രിപ്ൾ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കി. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വിസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റു വിഭാഗങ്ങള്‍ക്കും മാത്രം യാത്ര അനുവദിച്ചാണ് പൊലീസ് നഗരത്തിൽ പരിശോധന കര്‍ശനമാക്കിയത്. ഞായറാഴ്ചയും പരിശോധന തുടരും.
നഗര കേന്ദ്രത്തിലും ത്രിവേണി ജങ്ഷനിലും പൊലീസ് പരിശോധന നടത്തി. സത്യവാങ്മൂലം കൈയിൽ കരുതാതെ വരുന്നവരുടെ പേരും മേൽവിലാസവും ശേഖരിക്കുകയും കോവിഡ് പരിശോധന ആവശ്യമുള്ളവരെ ക്യാമ്പ് നടക്കുന്ന ഗവ. ബോയ്സ് സ്കൂളിലേക്ക് അയച്ച് കോവിഡ് പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തിലുള്ള ഗണ്യമായ വർധനവിൽ കുന്നംകുളം രണ്ടാം ആഴ്ചയിലും വീണ്ടും ഡി കാറ്റഗറിയിലേക്ക് മാറിയിരുന്നു. കുന്നംകുളം നഗരസഭ പ്രദേശം നിലവിൽ ട്രിപ്ൾ ലോക്ഡൗണിലാണ്. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കൂടിയാണ് പരിശോധന നടത്തുന്നത്.
മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷം
പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായി. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 101 പേർക്ക്. വെങ്കിടങ് 45, പാവറട്ടി 29, മുല്ലശേരി 20, എളവള്ളി പഞ്ചായത്തിൽ ഒമ്പതുപേരും കോവിഡ് ബാധിതരായി.
വാക്സിനായി തിരക്ക്; ഗതാഗത സ്തംഭനം
തിരുവില്വാമല: ആയിരം ഡോസ് കോവിഡ് വാക്സിൻ എത്തിയതായി വാട്സ്ആപ് സന്ദേശം പ്രചരിച്ചപ്പോൾ ട്രിപ്ൾ ലോക്ഡൗൺ അവഗണിച്ചെത്തിയത് മൂവായിരത്തോളം പേർ. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് തിരുവില്വാമല പഞ്ചായത്തിലെ ആയിരക്കണക്കിന് ആളുകളിലേക്ക് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി സന്ദേശമെത്തിയത്. 18 വയസ്സിന് മുകളിൽ ആദ്യ ഡോസ് വാക്സിൻ ലഭിക്കാത്തവർക്കും ആദ്യ ഡോസ് ലഭിച്ച് 90 ദിവസം കഴിഞ്ഞവർക്കും കുത്താമ്പുള്ളി സ്കൂളിൽ ആയിരം കോവിഷീൽഡ് വാക്സിൻ ലഭ്യമാണ്, ഇപ്പോൾതന്നെ സ്ഥലത്തെത്തി ഈ അവസരം പ്രയോജനപ്പെടുത്തുക എന്നായിരുന്നു സന്ദേശം. ഇതോടെ വാക്സിൻ എടുക്കാനായി ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്ത് മൂവായിരത്തോളം ആളുകൾ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു.
പിന്നീട് പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്മാറാൻ തയാറായില്ല. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വൈകീട്ട് ആറോടെ വാക്സിനെത്തി. പഞ്ചായത്തിെൻറ നേതൃത്വത്തിൽ ആദ്യം 500 പേർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചു ടോക്കൺ വിതരണം നടത്തി. ഞായറാഴ്ച ബാക്കി 500 പേർക്കും നൽകാമെന്ന് തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് സ്മിത സുകുമാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.