വ​ട​ക്കേ​ക്കാ​ട് വൈ​ല​ത്തൂ​രി​ലെ ക​ട​ലാ​യി​ൽ മ​ന

ജ്വലിക്കുന്ന ഓർമകളായി വടക്കേക്കാട് ഭൂമിക

ചാവക്കാട്: സമത്വവും സാഹോദര്യവും പുലരുന്ന ഭാരതം സ്വപ്നം കണ്ട്, വിദേശാധിപത്യത്തെ ചെറുത്തുനിന്ന് തോൽപിക്കാൻ ആവേശപൂർവം ഇറങ്ങിത്തിരിച്ച ഒരു കൂട്ടം നിസ്വാർഥരായ മനുഷ്യരുണ്ട്. അവർക്ക് യഥേഷ്ടം പ്രവർത്തിക്കാൻ കഴിഞ്ഞ വിസ്താരമേറിയ പ്രവിശ്യയാണ് പഴയ പൊന്നാനി താലൂക്ക്. അവിടെ നടന്ന പല സമരങ്ങളുടെയും സമരനായകന്മാരുടെയും ഒത്തുചേരലിന്‍റെയും ചർച്ചകളുടെയും സംഗമ ഭൂമിയായത് വടക്കേക്കാടായിരുന്നു.

വടക്കേക്കാടിന്‍റെ മണ്ണിൽനിന്ന് സ്വാതന്ത്ര്യ സമരത്തോടൊപ്പം സാംസ്കാരിക രംഗത്തും കലാരംഗത്തും വർഗീയതയുടെയും ജാതീയതയുടേയും ചിന്തകൾ അശേഷമില്ലാതെ പോരാടിയ നിരവധി ജനനായകരുണ്ട്. 1930ലെ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ വടക്കേക്കാട് വൈലത്തൂരിൽനിന്ന് പോയ കൊടമന നാരായണൻ നായർ അവരിൽ മുന്നിലാണ്. കൂടെപോയ മറ്റൊരാൾ പി. മാധവൻ നായരായിരുന്നു. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി നേതാവായി മാറിയ കൊടമന വടക്കേക്കാട് പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡൻറുമായിരുന്നു. വന്നേരി നാട്ടിൽനിന്നുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന നാമങ്ങളിലൊന്നാണ് കൊടമനയുടേത്.

ഗാന്ധിജിയുടെ വിദേശവസ്ത്ര ബഹിഷ്കരണ സമര ഭാഗമായി വന്നേരി നാട്ടിലെ വീടുകളിൽനിന്ന വിദേശ വസ്ത്രങ്ങളും വിദേശ വസ്തുക്കളും ശേഖരിച്ച് അഗ്നിക്കിരാക്കിയ സംഭവം പ്രശസ്തമാണ്. മഹാകവി വള്ളത്തോളിന്‍റെ മക്കളായ അച്യുതകുറുപ്പ്, ഗോപാലകുറുപ്പ്, ബാലകൃഷ്ണകുറുപ്പ് തുടങ്ങി അന്നത്തെ യുവാക്കളുടെ നേതൃത്വത്തിലാണ് വിദേശ വസ്ത്രങ്ങൾ കത്തിച്ച് ഉപ്പുസത്യഗ്രത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഈ സംഭവം നടന്നത് വടക്കേക്കാട് മണികണ്ഠേശ്വരം ക്ഷേത്ര മുറ്റത്തായിരുന്നു. എല്ലാരും ഒത്തുകൂടി ക്ഷേത്രത്തിലെ ദീപസ്തംഭത്തിൽനിന്ന് ദീപം പകർന്നാണ് അവ കത്തിച്ചത്.

മണികണ്ഠേശ്വരം ക്ഷേത്രവും ചിറയും ആൽത്തറയും സ്വാതന്ത്ര്യ ചരിത്രഭാഗമാണ്. മഹാകവി വള്ളത്തോൾ, എഴുത്തുകാരായ കുട്ടികൃഷ്ണമാരാർ, ചെറുകാട്, കമ്യൂണിസ്റ്റ് ആചാര്യന്മാരായ കെ.ബി. ദാമോദരൻ സി. ഉണ്ണിരാജ് തുടങ്ങി പലരും ഈ ക്ഷേത്ര മുറ്റത്തെ ആൽമരച്ചോട്ടിലെ പതിവ് സാന്നിധ്യങ്ങളായിരുന്നു. തീ പാറിയ ഒട്ടേറെ ചർച്ചകൾക്കും ഒത്തുചേരലിനും ആൽത്തറ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലെ നവോത്ഥാന നായകരായ പ്രേംജി, എം.ആർ.ബി എന്നിവരുടെ ജന്മഗേഹമായ മുല്ലമംഗലം മന ഈ ക്ഷേത്രത്തിന് സമീപാണ്.

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് തുടക്കമിട്ടത് ഇക്കാലത്താണ്. സത്യഗ്രഹ ഭാഗമായി സുബ്രഹ്മണ്യൻ തിരുമുമ്പിന്‍റെ നേതൃത്വത്തിൽ 1931 ഒക്ടോബർ 21ന് കണ്ണൂരിലെ പയ്യന്നൂരിൽനിന്ന് കാൽനടയായി സത്യഗ്രഹ ജാഥ പുറപ്പെട്ടു. മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, പുന്നയൂർക്കുളം എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് നൽകിയത്.

ജാഥ വരുന്നുവെന്ന് കേട്ട് പരിഭ്രാന്തരായ സവർണ ജാതിക്കാർ പുന്നത്തൂർ ഗോദ ശങ്കര വലിയരാജയുടെ അധ്യക്ഷതയിൽ ഗുരുവായൂരിൽ യോഗം ചേർന്ന എം.ആർ.ബി, എം.പി തുടങ്ങിയ നമ്പൂതിരി യുവാക്കളും കൊടമന നാരാണയൻ നായർ, ബാലകൃഷ്ണകുറുപ്പ്, മാധവകുറുപ്പ്, അച്യുതകുറുപ്പ്, പെണ്ണാലത്ത് ശേഖരൻ നായർ തുടങ്ങി മറ്റു സവർണരും യോഗത്തിൽ സ്ഥലം പിടിച്ചിരുന്നു.

അവർണരായ അയിത്ത ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കാൻ പാടില്ലെന്നും അതിനെ ശക്തിയുക്തം എതിർക്കണമെന്നും യോഗത്തിൽ പ്രമേയം കൊണ്ടുവന്നു. അധ്യക്ഷനായ വലിയരാജ അത് പാസാക്കാൻ സഭയുടെ സമ്മതം ചോദിച്ചു. ഉടനെ പാസാക്കാൻ പാടില്ലെന്ന് ഉച്ചത്തിൽ എം.ആർ.ബി തുടങ്ങിയവരിൽനിന്ന് ഉയർന്നു. ഉടൻ രാജ സ്ഥലം വിട്ടു. പിന്നീട് ക്ഷേത്ര പ്രവേശന വിരുദ്ധ കമ്മിറ്റി രൂപവത്കരിച്ചത് വലിയ രാജയുടെ അധ്യക്ഷതയിൽ ചേർന്ന രഹസ്യ യോഗത്തിലായിരുന്നു.

രണ്ടാം നിയമ ലംഘനകാലത്ത് കോഴിക്കോട്ടുപോയി സമരത്തിൽ പങ്കെടുത്തവരാണ് ആദ്യകാല പൊന്നാനി താലൂക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്ന കെ.എസ്. നാരായണൻ, അണ്ടത്തോട് സി.പി. രാമപ്പണിക്കർ, അയിരൂർ കെ.എം. ഗോപാലപ്പണിക്കർ, വി.സി. അച്യുതൻ, ചെറായി കപ്യാരകത്ത് കുമാരൻ നായർ, ജയദേവൻ നായർ എന്നിവർ. കോഴിക്കോട്ടെ 'ബോംബെ ഹാൾ' പിക്കറ്റ് ചെയ്ത ഇവർക്ക് സാമ്പത്തിക സഹായം നൽകിയത് ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിലെ സജീവ പ്രവർത്തകനായിരുന്ന അണ്ടത്തോട് ചക്കാല കൂമ്പിലെ വി.സി. കൃഷ്ണമേനോൻ ആയിരുന്നു. പൊലീസിന്‍റെ അടിയിൽ തലക്ക് പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട കെ.സി. നാരായണൻ രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. പൊന്നാനി താലൂക്ക് കോൺഗ്രസ് സെക്രട്ടറിയായി ചുമലയേറ്റ കെ.എസ്. നാരായണൻ വാഹനങ്ങളില്ലാതിരുന്ന അക്കാലത്ത് താനൂരിനു വടക്കുള്ള പൂരപ്പുഴ മുതൽ തെക്ക് ആല വരെ നീണ്ടുകിടന്ന ഏഴ് ഫർക്കകളിലും കാൽ നടയായാണ് കോൺഗ്രസ് കമ്മിറ്റികളുണ്ടാക്കാനായി പോയിരുന്നത്.

ഒന്നാം പൊന്നാനി താലൂക്ക് കർഷക സമ്മേളനം പുന്നയൂരിലെ കുരഞ്ഞിയൂരിലാണ് നടന്നത്. കുട്ടാടൻ പാടശേഖരത്തിന് മധ്യേയുള്ള കുരഞ്ഞിയൂരിൽ ഏറെയും കർഷക തൊഴിലാളികളായിരുന്നു. നാടിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കുരഞ്ഞിയൂർ കർഷക സമ്മേളനം ഐതിഹാസികമായ അധ്യായമാണ് എഴുതിച്ചേർത്തത്. സമ്മേളന വേദിയിൽ അവതരിപ്പിക്കാനായി കെ. ദാമോദരൻ എഴുതിയ നാടകമാണ് പാട്ടബാക്കി. വൈലത്തൂർ കടലായിൽ മനയുടെ മുകൾ നിലയിലിരുന്നാണ് ദാമോദരൻ ഈ നാടകമെഴുതി തീർത്തത്. കോൺഗ്രസുകാരനായിരുന്ന നാരായണൻ നമ്പൂതിരിപ്പാടായിരുന്നു കടലായിൽ മനയിലെ കാരണവർ. കർഷക പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലവും വളർത്തില്ലവുമായാണ് കടലായിൽ മനയെ വിശേഷിപ്പിച്ചിരുന്നത്.

Tags:    
News Summary - vadakkekkad bumika in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.