വാടാനപ്പള്ളി: ചേറ്റുവ പുഴയിൽനിന്ന് ചളി നീക്കൽ, ചേറ്റുവ കോട്ട വിനോദ സഞ്ചാരം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ചേറ്റുവ പുഴ പ്രദേശത്ത് ഉപ്പുവെള്ളം കയറി കുടിവെള്ള ക്ഷാമവും വ്യാപക കൃഷിനാശവും നേരിടുന്നതായി എം.എൽ.എ ചൂണ്ടിക്കാട്ടി.
പ്രദേശത്ത് ‘കെറി’ പഠനം നടത്തി മണ്ണും ചളിയും നീക്കാൻ ആവശ്യമായ തുക കണക്കാക്കിയിട്ടുണ്ടെന്നും പരമ്പരാഗത തൊഴിലാളികളെ ഉപയോഗിച്ച് ഈ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയാറാക്കണമെന്നും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന് സർക്കാറിൽനിന്ന് അനുവാദം ലഭ്യമാക്കണം.
അഡീഷനൽ ഇറിഗേഷന്റെ ടെക്നിക്കൽ സപ്പോർട്ട്, എൻ.ഒ.സി എന്നിവ ലഭ്യമാക്കാൻ എസ്റ്റിമേറ്റ് ഉൾപ്പെടെ കാര്യങ്ങൾക്ക് അഡീഷനൽ ഇറിഗേഷന്റെ സാങ്കേതിക ഉപദേശം നൽകണമെന്നും കലക്ടർ നിർദേശിച്ചു. പദ്ധതിക്ക് ചെലവാകുന്ന അധിക തുക അടുത്ത റിവിഷനിൽ മാറ്റിവെക്കാൻ അതത് പഞ്ചായത്തുകൾ തയാറാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അറിയിച്ചു.
പദ്ധതിയിൽ കൃഷി നാശം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഭേദഗതി വരുത്താനും പ്രസ്തുത പദ്ധതി തുക ഇറിഗേഷൻ വകുപ്പിന് നിക്ഷേപിക്കാൻ സാധ്യമല്ലാത്തതിനാൽ തദ്ദേശ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് എൻജിനീയറെ ഇംപ്ലിമെന്റിങ് ഓഫിസറാക്കി മാറ്റാൻ അടിയന്തര നടപടി എടുത്ത് റിവിഷൻ റിക്വസ്റ്റിനുള്ള അപേക്ഷ ഒരാഴ്ചയ്ക്കുള്ളിൽ നൽകാനും ജില്ല പഞ്ചായത്ത് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കും ജില്ല പ്ലാനിങ് ഓഫിസർ നിർദേശം നൽകി.
ചേറ്റുവ കോട്ട വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് തയാറാക്കിയ വിശദ ഡി.പി.ആർ ആർക്കിയോളജി വകുപ്പിന് നൽകി എൻ.ഒ.സി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും സ്ഥല സന്ദർശനം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ വിശദ എസ്റ്റിമേറ്റ് തയാറാക്കുകയും വേണമെന്ന് ജില്ല പ്ലാനിങ് ഓഫിസർ അറിയിച്ചു.
ജില്ല പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന സംയുക്ത പദ്ധതികളാണ് ചേറ്റുവ കോട്ട വിനോദസഞ്ചാര വികസനം (45 ലക്ഷം), ചേറ്റുവ കോട്ട വിനോദസഞ്ചാരത്തിന് സ്ഥലം വാങ്ങൽ (65 ലക്ഷം), ചേറ്റുവ പുഴ ചളി നീക്കി ആഴം കൂട്ടൽ (ഒരു കോടി) എന്നിവ.
ജില്ല പഞ്ചായത്തംഗം പി.എം. അഹമ്മദ്, ജില്ല പ്ലാനിങ്ങ് ഓഫിസർ എൻ.കെ. ശ്രീലത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ. സുബൈർ കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.