ആമ്പല്ലൂർ: പാലപ്പിള്ളി വലിയകുളത്ത് വിനോദ സഞ്ചാരികൾക്കുനേരെ കാട്ടാന ആക്രമണം. തോട്ടത്തിൽ നിന്ന് റോഡിലേക്കിറങ്ങിയ കാട്ടാനകൾ കൂടിനിന്ന നാട്ടുകാർക്കും സഞ്ചാരികൾക്കും നേരെ പാഞ്ഞടുക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് കാട്ടാനകൾ റോഡിലിറങ്ങിയിരുന്നു. മുക്കാൽ മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കിയ ആനകളെ വാച്ചർമാരും നാട്ടുകാരും ചേർന്ന് തോട്ടത്തിലേക്ക് കയറ്റി. ഈ സമയം റോഡിൽ നിന്ന യാത്രക്കാർ തോട്ടത്തിൽ കയറിയ ആനകളുടെ ചിത്രം പകർത്താൻ ശ്രമിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. കൂട്ടത്തിൽനിന്ന് തിരിഞ്ഞിറങ്ങിയ പിടിയാന യാത്രക്കാർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ കൂടി നിന്നവർ നാലുപാടും ചിതറിയോടി.
തോട്ടത്തിൽ നിന്ന കാട്ടാനക്കൂട്ടത്തിന്റെ പത്ത് മീറ്റർ മാത്രം മാറിയാണ് നാട്ടുകാർ കൂടി നിന്നിരുന്നത്. പാലപ്പിള്ളി-ചിമ്മിനി റോഡിൽ വശങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്ന സാഹചര്യത്തിൽ വനംവകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു.
അവധി ദിവസമായതിനാൽ നിരവധി യാത്രക്കാരാണ് ചിമ്മിനിയിലെത്തുന്നത്. വനം വകുപ്പിന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് യാത്രക്കാർ കാട്ടാനകളെ പ്രകോപിപ്പിക്കുന്നത്. കാട്ടാനകളെ കാണാനും ഫോട്ടോ എടുക്കാനും യാത്രക്കാർ ശ്രമിക്കുന്നത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.