ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചു

തിരുവനന്തപുരം: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. കിള്ളിപ്പാലം കുട്ടനാടൻ ഹോട്ടലിൽനിന്ന്​ പാക് ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മുക്കാൽ കിലോ താറാവ്​ ഇറച്ചി, രണ്ട്​ കിലോ നാടൻ കോഴിക്കറി, അരക്കിലോ ചിക്കൻ ഫ്രൈ, മീൻകറി, പഴകിയ ബിരിയാണി റൈസ്, ബെയ്സിൻ, ചിക്കൻ സ്റ്റ്യൂ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. പാളയം ചൂണ്ട റെസ്റ്റാറന്‍റിൽനിന്ന്​ മീൻകറി, സാലഡ് എന്നിവ പിടിച്ചെടുത്തു. അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനാൽ അടിയന്തരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. മുറിഞ്ഞപാലം പാരഡൈസ് ഹോട്ടലിൽനിന്ന്​ ബിരിയാണി റൈസ്, ചപ്പാത്തിമാവ്, നിരോധിത പ്ലാസ്റ്റിക് എന്നിവയും മെഡിക്കൽ കോളജ്​ രുചി ഹോട്ടലിൽനിന്ന്​ പഴകിയ ചോറ്, മുറിഞ്ഞപാലം കൊച്ചിൻ റെസ്റ്റാറന്‍റിൽനിന്ന്​ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഡിസ്പോസിബിൾ കപ്പുകളും പിടിച്ചെടുത്തു. വരുംദിവസങ്ങളിലും ഹോട്ടലുകളിലും റെസ്റ്റാറൻറുകളിലും നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ പരിശോധന ഉണ്ടായിരിക്കുമെന്നും അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.