'കേന്ദ്ര മത്സ്യത്തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിയിടുന്നു'

വർക്കല: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണക്ക് തീവിലയാക്കിയ കേന്ദ്ര നടപടി തൊഴിലാളി വിരുദ്ധവും മത്സ്യത്തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിയിടുന്നതാണെന്നും എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എഫ്. നഹാസ്. മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി വർക്കലയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസലിനും പെട്രോളിനും സബ്സിഡി അനുവദിക്കുക, മേഖലക്ക്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് അനുവദിക്കുക, ഭവനപദ്ധതി പ്രത്യേകമായി നടപ്പാക്കുക, ബ്ലൂ ഇക്കോണമി നയം തിരുത്തുക, കേന്ദ്ര ഫിഷറീസ് നയം പിൻവലിക്കുക, മത്സ്യ ബന്ധനത്തിനു ഇപ്പോഴും കാര്യക്ഷമതയുള്ള എൻജിനുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, മത്സ്യത്തൊഴിലാളി കടാശ്വാസ കാലാവധിയും ആശ്വാസതുകയും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമങ്ങളും മാർച്ചും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വർക്കലയിലും സമരം നടന്നത്. എ.ഐ.ടി.യു.സി നേതാക്കളായ വി. രഞ്ജിത്ത്, ഷിജു അരവിന്ദ്, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗങ്ങളായ എം.എ. സലീം, അസ്​ലം മാന്തറ, ജഹാൻ കുന്നിൽ, അമാനുല്ല, നബീൽ വഹാബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.