സൈനിക അധികൃതർ രേഖകൾ ലഭ്യമാക്കുന്നി‍ല്ലെന്ന്​ പരാതി

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ ആരംഭിച്ച ഹോർട്ടികോർപ് ഔ‍ട്ട്​ലെറ്റിന്‍റെ പ്രവർത്തനാധികാരം സംബന്ധിച്ച രേഖകൾ സൈനിക അധികൃതർ ലഭ്യമാക്കുന്നി‍ല്ലെന്നും ഔട്ട്​ലെറ്റി‍ലേക്കുള്ള സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ ക്യാമ്പിനുള്ളിലേക്ക് കടത്തി വിടു‍ന്നില്ലെന്നും വികലാംഗനായ വിമുക്തഭടന്‍റെ പരാതി. തിരുമല പ്ലാവിളയിൽ വാടകക്ക്​ താമസിക്കുന്ന കെ.പി. സതീഷ്​കുമാറിനെയാണ് അധികൃതർ അവഗണിക്കുന്ന‍തെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി, സൈനിക മേധാവി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് സതീ‍ഷിന്‍റെ ഭാര്യ എസ്. ലേഖ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തിരുവല്ല ചാത്തഗിരി സ്വദേശിയായ സതീഷ് ഒമ്പതാം മദ്രാസ് റെജി‍മെന്‍റിൽ അംഗമായിരുന്നു. ജമ്മുവിലെ പൂഞ്ചിലുണ്ടായ ബോംബ് സ്ഫോടനത്തിൽ വലതുകാൽ നഷ്ടപ്പെട്ടു. 2015ൽ സ്വയം വിരമിച്ച്​ നാട്ടിലെത്തി. കൃഷിമന്ത്രിക്ക്​ നൽകിയ അപേക്ഷയെ തുടർന്നാണ് പാങ്ങോട് സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് അധികൃതരുടെ അനുമതിയോടെ പാങ്ങോട് പള്ളിമുക്കിൽ സൈനിക ക്യാമ്പ്​ വള‍പ്പിനുപുറത്ത് ഹോർട്ടി‍കോർപിന്‍റെ ഔട്ട്​ലെറ്റ് തുടങ്ങിയത്. ശേഷം ഔട്ട്​ലെറ്റ് വള‍പ്പിനു‍ള്ളിലേക്ക്​ മാറ്റിയെങ്കിലും ഇതുസംബന്ധിച്ച രേഖകൾ നൽകാൻ അധികൃതർ തയാറാകുന്നില്ലെന്നും ലേഖ ആരോപിച്ചു. ഔട്ട്​ലെറ്റി‍ലേക്കുള്ള വാഹനങ്ങൾ കടത്തിവി‍ടാത്തത്​ സംബന്ധിച്ച് സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ അന്വേഷിക്കാ‍നെത്തിയപ്പോൾ ഉദ്യോഗസ്ഥരെ കാണേണ്ട രീതിയിൽ കാണണമെന്നായിരുന്നു മറുപടിയെന്നും ലേഖ പറയുന്നു. ഇതു ചോദ്യം ചെയ്തപ്പോൾ സൈനിക അധികൃതർ തനിക്കും ഭർത്താവിനു‍മെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് പൂജപ്പുര പൊലീസിൽ പരാതി നൽകിയെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.