തിരുവനന്തപുരം: നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ്കളുടെ എണ്ണവും ആക്രമണങ്ങളും അനുദിനം വർധിക്കുമ്പോഴും വാക്സിനേഷനും വന്ധ്യംകരണ പദ്ധതിയും അവതാളത്തിൽ. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഫണ്ട് വകയിരുത്തുന്നതിലെ വീഴ്ച, ജീവനക്കാരുടെ കുറവ് തുടങ്ങി കാരണങ്ങളാൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെല്ലാം തെരുവുനായ വന്ധ്യംകരണം നിലച്ചു. സർക്കാർ തലത്തിൽ പേട്ട വെറ്ററിനറി ആശുപത്രിയിലും തിരുവല്ലം വണ്ടിത്തടം ആശുപത്രിയിലും മാത്രമാണ് വന്ധ്യംകരണം നടത്തുന്നത്.
ഒരു കോർപറേഷനും നാല് നഗരസഭകളും 73 പഞ്ചായത്തുകളും ജില്ലയിലുണ്ടെങ്കിലും അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്കായി പല സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തുന്നില്ല. കോർപറേഷൻ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) മോണിറ്ററിങ് കമ്മിറ്റി തീരുമാന പ്രകാരം നടത്തുന്ന തെരുവ് നായ്കൾക്കുള്ള വാക്സിനേഷൻ പദ്ധതിയും മന്ദഗതിയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണവും കൂട്ടാൻ കഴിയാത്ത അവസ്ഥയിലാണ് കോർപറേഷൻ.
വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ളവരുടെ കുറവുകാരണം പ്രതിദിനം നിശ്ചിത എണ്ണത്തിൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. അനധികൃതമായി ശേഖരിക്കുന്ന ഇറച്ചിമാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് പതിവായതിനാൽ ഇവ ഭക്ഷിക്കാൻ തെരുവുനായകളുടെ കൂട്ടമായ സംഘമാണ് പലേടത്തും താവളമടിക്കുന്നത്. കൂടാതെ ചില സന്നദ്ധ പ്രവർത്തകരും ഇവക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.
പേ വിഷ പ്രതിരോധ വാക്സീൻ നൽകുന്നതിന് പുറമേ പൊതുസ്ഥലങ്ങളിൽ നായ്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ചത് നടന്നില്ല. ഭക്ഷണം നൽകുന്നവരുടെ യോഗം വിളിക്കുമെന്നും നിയന്ത്രണം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചതും നടന്നില്ല. തെരുവുനായ കുഞ്ഞുങ്ങളെ ദത്ത് നൽകാൻ കോർപറേഷൻ പപ്പി അഡോപ്ഷൻ ക്യാപ് സംഘടിപ്പിച്ചതും വിജയിച്ചില്ല. പദ്ധതി ഉപേക്ഷിച്ചമട്ടാണ്.
വന്ധ്യംകരണ ശസ്ത്രക്രിയ മാത്രം പരിഹാരമാകില്ലെന്ന് കരുതി ആസൂത്രണം ചെയ്ത പദ്ധതികളാണ് ഫലം കാണാതെ പോയത്. കഴിഞ്ഞദിവസമാണ് നഗരത്തിൽ തെരുവുനായ 30 ലേറെ പേരെ കടിച്ച് പരിക്കേൽപ്പിച്ചത്. കടിച്ച നായ എന്ന് സംശയിക്കുന്ന ഒരെണ്ണത്തെ ഞായറാഴ്ച രാവിലെ ആറ്റുകാൽ പരിസരത്ത് നിന്ന് കണ്ടെത്തിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പിടികൂടിയ നായ ഇപ്പോൾ പേട്ട മൃഗാശുപത്രിയിൽ നീരീക്ഷണ ത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.