പ്രതീക്ഷയുടെ കണിക്കാഴ്ചയുമായി ഇന്ന് വിഷു

തിരുവനന്തപുരം: സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ മേടവിഷു ഇന്ന്. കോവിഡ് വ്യാപനത്തിന്‍റെയും ലോക്ഡൗണിന്‍റെയും പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷവും വിഷു അനാർഭാടമായാണ് കടന്നുപോയത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചതോടെ ഇത്തവണ ക്ഷേത്രങ്ങളിലടക്കം ആഘോഷമാകും. മലയാള മാസമായ മേടം ഒന്നിനാണ് സാധാരണ വിഷു ആഘോഷിക്കുന്നത്. ഇത്തവണ മേടം ഒന്നിന്​ സൂര്യോദയത്തിനുശേഷം സംക്രമം വരുന്നതിനാൽ വിഷു രണ്ടിന്​ വെള്ളിയാഴ്ചയാണ്. കേരളത്തിൽ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ അടയാളമായാണ് വിഷു ആഘോഷിക്കുന്നത്. നരകാസുരനെതിരെ ശ്രീകൃഷ്ണന്‍ നേടിയ വിജയംകൂടിയാണിത്. കണി കാണുന്നതാണ് വിഷുവിന്റെ പ്രധാന ആചാരങ്ങളിലൊന്ന്. വരുന്ന ഒരു കൊല്ലത്തിന്‍റെ മുഴുവൻ പ്രതീക്ഷയാണ്​ കണ്ണന്​ പൊൻകണിയായി ഉരുളിയിലൊരുക്കുന്നത്. പൊന്നിന് പകരം അതേ നിറത്തിലുള്ള കണിക്കൊന്നപ്പൂക്കൾ കണികാണണമെന്ന ആചാരം പ്രകൃതിയോടുള്ള ആഭിമുഖ്യത്തിന്‍റെയും എളിമയുടെയും പ്രതീകമാണ്. മുതിർന്നവരും കുട്ടികളും ദേഹശുദ്ധി വരുത്തി കണികാണുന്നതാണ് ആചാരം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം വെള്ളിയാഴ്ച പുലർച്ച 5.20 മുതൽ 6.10 വരെയാണ്​. പൈങ്കുനി ഉത്സവത്തിന്‍റെ ക്ഷേത്രച്ചടങ്ങുകൾ നടക്കുന്നതിനാലാണ് വിഷുക്കണി ദർശനം ഇത്തവണ 5.20ന് ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.