അറസ്റ്റിലായ സജികുമാര്‍, അനിമോന്‍

യൂത്ത് ഫ്രണ്ട് (ബി) നേതാവിന്‍റെ കൊലപാതകം; പ്രതികൾ പിടിയിൽ

കുന്നിക്കോട്: യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്‍റ് മനോജിനെ (39) വെട്ടിക്കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കോക്കാട് സുജഭവനില്‍ സജികുമാര്‍ (45), അഭിലാഷ് ഭവനില്‍ അനിമോന്‍ (39) എന്നിവരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ കോക്കാട് ആയിരവില്ലി ക്ഷേത്രോത്സവത്തിനിടെ, പുതിയ പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു കൊലപാതകം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മനോജ് അടക്കം ആറുപേര്‍ ചേര്‍ന്ന് 2016ല്‍ പ്രതികളായ സജികുമാറും അനിമോനും അടങ്ങുന്ന നാലംഗസംഘത്തെ ആക്രമിച്ചിരുന്നു. അന്ന് സജികുമാറിന് ഗുരുതര പരിക്കേറ്റു. ഈ കേസിലെ രണ്ടാം പ്രതിയാണ് മനോജ്. ഇതിന്‍റെ വൈരാഗ്യത്തിൽ ഇരുസംഘങ്ങളും തമ്മിൽ പലതവണ സംഘര്‍ഷമുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് കോക്കാട് ജങ്ഷനിലെ ബേക്കറിയില്‍ മനോജും പ്രതികളും തമ്മില്‍ വാക്കുതർക്കമുണ്ടായി.

9.30 ഓടെ വീട്ടിലേക്ക് മടങ്ങിയ മനോജിനെ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ മഴുകൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ് കിടന്ന മനോജിനെ വാഹനയാത്രികരാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

രാത്രി തന്നെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. സജികുമാറിനെ എറണാകുളത്തുനിന്നും അനിമോനെ തെന്മലയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഉപയോഗിച്ച മഴു സജിയുടെ ഭാര്യയുടെ കോട്ടവട്ടത്തുള്ള വീട്ടില്‍നിന്ന് കണ്ടെത്തി. മനോജിന് വാഹനാപകടത്തില്‍ പരിക്കേറ്റതാണെന്നാണ് ആദ്യം സംശയിച്ചിരുന്നെങ്കിലും വൈദ്യപരിശോധനയില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

പ്രതികളെ കോക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മനോജിന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. അക്രമത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നും അന്വേഷണസംഘം പറഞ്ഞു.

Tags:    
News Summary - Two arrested in Youth front leader's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.