തിരുവനന്തപുരം: വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളെയും മൃഗങ്ങളെയും മൃഗശാലയിലേക്ക് ഉടൻ എത്തിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയ രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽനിന്നാണ് പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നത്. ഓരോ ജോടി വീതം സിംഹം, ഹനുമാൻ കുരങ്ങ്, വെള്ള മയിൽ, എമു, രണ്ട് ജോടി കാട്ടുകോഴി തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. മേയ് മാസത്തോടെ ഇവയെത്തും. കേന്ദ്ര മൃഗശാല അമോറിറ്റിയുടെ അംഗീകാരം ലഭിച്ചതിനാൽ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഇവിടെ അധികമുള്ള നാല് കഴുതപ്പുലി, ഒരു ജോടി ഹിപ്പോപൊട്ടാമസ്, മൂന്ന് ജോടി പന്നി മാനുകൾ, രണ്ട് ജോടി സ്വാംപി ഡീയറുകൾ എന്നിവയെ തിരികെ നൽകും.
ജൂണിൽ ഹരിയാനയിലെ മൃഗശാലയിൽനിന്ന് രണ്ട് ജോടി ഹനുമാൻ കുരങ്ങുകളെക്കൂടി എത്തിക്കും. വിദേശ രാജ്യങ്ങളിൽനിന്ന് സീബ്രാ ഉൾപ്പെടെ മൃഗങ്ങളെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കൃഷ്ണമൃഗങ്ങളുൾപ്പെടെയുള്ള ക്ഷയരോഗം ബാധിച്ച മൃഗങ്ങളെ പ്രത്യേകം മാറ്റിപാർപ്പിച്ചത് ഗുണം ചെയ്തു. മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാർക്ക് രോഗബാധയുണ്ടോയെന്ന് തിരിച്ചറിയാനും പ്രത്യേക പരിശോധന നടത്തിയിരുന്നു.
ഇത്തരം രോഗങ്ങൾ ബാധിക്കുന്നതുവഴി മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്തുമെന്നും മന്ത്രി പറഞ്ഞു. പുതിയ രണ്ട് വാഹനങ്ങൾ ഉൾപ്പെടെ അഞ്ച് ബാറ്ററി വാഹനങ്ങളാണ് നിലവിൽ സന്ദർശകർക്ക് സൗകര്യമൊരുക്കുന്നത്. 10,40,000 രൂപ ചെലവഴിച്ചാണ് രണ്ട് വാഹനങ്ങൾ വാങ്ങിയത്. മൃഗശാല സന്ദർശിക്കാനെത്തുന്ന പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഈ വാഹനങ്ങൾ ഏറെ ഉപകാരപ്പെടും. രണ്ട് വാഹനങ്ങൾ കൂടി ജൂണോടെ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. വാഹനത്തിലിരുന്നുകൊണ്ട് മൃഗശാല ചുറ്റിക്കാണാൻ ഒരാൾക്ക് 60 രൂപയാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.