തിരുവനന്തപുരം: നഗരത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്തെ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് (മീറ്റർ കമ്പനി) രണ്ടരകോടിയുടെ കരാർ കോർപറേഷൻ നൽകിയതിനെ ചൊല്ലി തിരുവനന്തപുരം നഗരസഭ കൗൺസിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം. അഞ്ച് ലക്ഷത്തിന് പുറത്തുള്ള ഏതൊരു കരാറും ഇ-ടെൻഡർ വിളിച്ചേ നൽകാവൂ എന്ന ചട്ടം നിലനിൽക്കെ അത് ലംഘിച്ചുകൊണ്ട് രണ്ടരകോടിയുടെ കാരാർ പൊതുമേഖലസ്ഥാനമായ മീറ്റർ കമ്പനിക്ക് നൽകിയെന്ന 'മാധ്യമം' വാർത്ത ചൂണ്ടിക്കാണിച്ചുകൊണ്ട് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പി. പത്മകുമാറും ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ എം.ആർ. ഗോപനുമാണ് ഭരണപക്ഷത്തിനെതിരെ രംഗത്തെത്തിയത്.
പ്രസ്ഥാനത്തോട് കൂറ് കാണിക്കുന്ന മേയറോട് തങ്ങൾക്ക് ബഹുമാനമുണ്ടെന്നും എന്നാൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ബന്ധുവിന് അനുകൂലമായ തീരുമാനമുണ്ടാക്കാൻ നഗരസഭയുടെ നടപടിക്രമങ്ങൾ തെറ്റിക്കുന്ന രീതി നല്ലതല്ലെന്നും പത്മകുമാർ ആരോപിച്ചു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണ് മേയർ കാണിച്ചത്. ജനങ്ങളുടെ കാശ് ചെലവാക്കുമ്പോൾ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. വാർത്ത സംബന്ധിച്ച് വിശദീകരണമെന്ന് പി. പത്മകുമാർ മേയറോട് ആവശ്യപ്പെട്ടു.
എൽ.ഇ.ഡി ലൈറ്റ് നിർമിക്കാത്ത ഒരു കമ്പനിക്ക് എങ്ങനെ ലൈറ്റ് സ്ഥാപിക്കാൻ കരാർ നൽകിയെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ചോദിച്ചു. എൽ.ഇ.ഡി ലൈറ്റ് കരാർ നൽകുന്നതുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടെന്ന് ആരോപിക്കുമ്പോൾ വെളിച്ചം നൽകുന്നതിനെയാണ് ബി.ജെ.പി എതിർക്കുന്നതെന്ന വാദം ശരിയല്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ട്. ആ വീഴ്ച പുനഃപരിശോധിക്കണമെന്നും ഗോപൻ ആവശ്യപ്പെട്ടു.
എന്നാൽ, യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പി. പത്മകുമാർ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് പഠിക്കുകയാണെന്ന് കോൺഗ്രസ് (എസ്) നേതാവ് പാളയം രാജൻ ആരോപിച്ചു. വിദഗ്ധ സമിതി പരിശോധിച്ചശേഷമാണ് ലൈറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്. കരാറിനെ സംബന്ധിച്ച് വ്യക്തത വരുത്താൻ സർവകക്ഷിയോഗം വിളിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് തന്നെ ഉപമിച്ചതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല കൊണ്ടുവന്ന അഴിമതിയെല്ലാം ശരിയാണെന്ന് കേരളം കണ്ടതാണെന്നും പി. പത്മകുമാർ തിരിച്ചടിച്ചു. ഇതോടെ മേയർ ആര്യ രാജേന്ദ്രൻ ഇടപെട്ടു. സഭയിൽ ഇല്ലാത്തവരെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് പറഞ്ഞുകൊണ്ട് ആരോപണങ്ങൾക്ക് മറുപടി പറയാൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിനെ മേയർ ക്ഷണിച്ചു. ഇതോടെ സംസാരിക്കാൻ മൈക്ക് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പത്മകുമാറും യു.ഡി.എഫ് കൗൺസിലർമാരും കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. ലൈറ്റ് ഇടപാടിൽ 50 ലക്ഷത്തിെൻറ അഴിമതി നടന്നതായി പത്മകുമാർ ആരോപിച്ചു.
എന്തുകൊണ്ട് മീറ്റർ കമ്പനിക്ക് കരാർ കൊടുത്തു എന്ന് ചോദിക്കുന്നവരോട് എന്തുകൊണ്ട് കരാർ കൊടുത്തുകൂടാ എന്നാണ് തനിക്ക് തിരിച്ച് ചോദിക്കാനുള്ളെതന്ന് മേയർ ആര്യ രാജേന്ദ്രൻ. 2018 ആഗസ്റ്റ് 31നുള്ള സർക്കാർ ഉത്തരവ് പ്രകാരം ടെൻഡറില്ലാതെ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് ടെൻഡർ വിളിക്കാതെ കരാർ കൊടുക്കാനുള്ള അനുമതി ഉണ്ടായിരുന്നു. കെൽട്രോണായാലും കെൽ ആയാലും ലൈറ്റ് ഉൽപാദിപ്പിക്കുന്നില്ലെന്നും മേയർ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് 10,000 ലൈറ്റുകൾ വാങ്ങാൻ തീരുമാനിച്ചതെന്ന് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 8000 ലൈറ്റുകൾ കമ്പനിയിൽ നിന്ന് വാങ്ങിയിരുന്നു. ഈ മുൻപരിചയമാണ് കരാർ നൽകിയതിന് പിന്നിലെന്നും അനിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.