പൂവാർ: വീട്ടമ്മക്കെതിരെ വ്യാജ ശബ്ദരേഖയുണ്ടാക്കി പ്രചരിപ്പിച്ച മുൻ മദ്റസ അധ്യാപകൻ അറസ്റ്റിൽ. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പൂവാറിൽ മദ്റസ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പിൽ മുഹമ്മദ് ഷാഫിയാണ് (24) അറസ്റ്റിലായത്.
പൂവാർ സ്വദേശിയായ വീട്ടമ്മയെ അപമാനിക്കുന്ന തരത്തിൽ മറ്റൊരു സ്ത്രീയെക്കൊണ്ട് വിളിപ്പിച്ച് വ്യാജ ശബ്ദം നിർമിക്കുകയും ഫോണിലെ കാൾ ഹിസ്റ്ററിയിൽ വീട്ടമ്മയുടെ ഫോൺ നമ്പറും പേരും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. മദ്റസയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി ക്ലാസിൽ വരാത്തതിനെക്കുറിച്ച് മാതാവിനെ വിളിച്ച് അന്വേഷിച്ച ശേഷം നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തി.
ഇതിനെതിരെ വീട്ടമ്മ ജമാഅത്ത് കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് അധ്യാപകനെ പിരിച്ചുവിട്ടു. ഇതിന് പ്രതികാരമെന്ന നിലയിൽ ഷാഫി തന്റെ സുഹൃത്തായ സ്ത്രീയെക്കൊണ്ട് പരാതിക്കാരിയായ വീട്ടമ്മ വിളിക്കുന്ന തരത്തിൽ ആൾമാറാട്ടം നടത്തി വിളിപ്പിച്ച് ജമാഅത്ത് ഭാരവാഹികളെയും പരാതിക്കാരിയായ വീട്ടമ്മയെയും അപമാനിക്കുന്ന തരത്തിൽ സംസാരം റിക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ, ജമാഅത്ത് അംഗങ്ങൾ രണ്ടു ചേരിയായി സംഘർഷാവസ്ഥ ഉടലെടുത്തു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രചരിപ്പിക്കപ്പെട്ട ശബ്ദസന്ദേശം വ്യാജമായി നിർമിച്ചതാണെന്നും പ്രചരിപ്പിച്ച സ്ക്രീൻ ഷോട്ടുകളെല്ലാം എഡിറ്റ് ചെയ്തതാണെന്നും പൊലീസ് കണ്ടെത്തി.
തുടർന്ന്, പൂവാർ സി.ഐ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജികുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പ്രഭാകരൻ, അനിത, ശശീനാരായൺ, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ സഹായിച്ചവർക്കും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.