തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തും ജില്ല ശിശുക്ഷേമ സമിതികൾ മുഖേന ജില്ലകേന്ദ്രങ്ങളിലും ചൊവ്വാഴ്ച കുട്ടികൾക്കിണങ്ങിയ ലോകം, ബാലസൗഹൃദ കേരളം എന്നീ സന്ദേശങ്ങൾ ഉയർത്തിക്കാട്ടി സംസ്ഥാനമൊട്ടാകെ കുട്ടികളുടെ വൻ ഒത്തുചേരലോടെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.
14ന് രാവിലെ ഒമ്പതിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. റാലി കനകകുന്ന് നിശാഗന്ധിയിൽ സമാപിക്കും. കുട്ടികളുടെ നേതാക്കൾ തുറന്ന ജീപ്പിൽ സഞ്ചരിക്കും. പഞ്ചവാദ്യം, കുതിര പൊലീസ്, പൊലീസ് ബാന്റ്, സ്റ്റുഡൻറ് പൊലീസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.സി.സി എന്നിവർ അകമ്പടി സേവിക്കും. കാൽലക്ഷം കുട്ടികൾ അണിനിരക്കുന്ന വൻ റാലി നടക്കും.
റാലിയിൽ പങ്കെടുക്കുന്ന മികച്ച സ്കൂളുകൾക്ക് എവർ റോളിങ് ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്കായുള്ള വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ, ശ്രീചിത്രാഹോം, പിന്നാക്ക മേഖലയിലെ പ്രത്യേക സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളും ഇത്തവണത്തെ റാലിയിൽ അണിചേരും.
രാവിലെ 10.30ന് കനകക്കുന്ന് നിശാഗന്ധിയിൽ കുട്ടികളുടെ നേതാക്കൾ നയിക്കുന്ന പൊതുസമ്മേളനം നടക്കും. കുട്ടികളുടെ പ്രധാനമന്ത്രി കോഴിക്കോട് പ്രോവിഡന്റ് എൽ.പി സ്കൂളിലെ ആത്മിക വി.എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കോഴിക്കോട് ഉള്ളിയേരി എ.യു.പി സ്കൂളിലെ മിത്രാ കിനാത്തിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുട്ടികളുടെ സ്പീക്കർ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലെ നന്മ എസ് മുഖ്യ പ്രഭാഷണം നടത്തും.
തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ റബേക്ക മറിയം ചാക്കോ സ്വാഗതവും വയനാട് അടിക്കൊല്ലി ദേവമാതാ എ.എൽ.പി സ്കൂളിലെ ജോയൽ ബിനോയ് നന്ദിയും പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, വി. ശിവൻകുട്ടി എന്നിവർ ശിശുദിന സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.