മംഗലപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക് താരവും കൂട്ടാളിയും പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് കവർച്ച നടത്തിയത്. ടിക് ടോക് താരമായ മീശ വിനീതിനെതിരെ പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാത്സംഗ കേസുമുണ്ട്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ജിത്തു.
കവർച്ചക്കുശേഷം മോഷ്ടിച്ച സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ ഉപേക്ഷിച്ച് അവിടെനിന്ന് ഓട്ടോയിൽ വെഞ്ഞാറമൂട്ടിലെത്തി ബസിൽകയറി കടക്കുകയായിരുന്നു. പിന്നീട് പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജിൽനിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 23നായിരുന്നു കണിയാപുരത്തെ എസ്.ബി.ഐ പള്ളിപ്പുറം ശാഖക്ക് മുന്നിൽവെച്ച് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കലക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്ത എസ്.ബി.ഐ ശാഖയിൽ അടക്കാൻ പോകവെയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ പിടിച്ചുപറിച്ച് കടന്നത്.
ബാങ്കിന് മുന്നിലെ ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോൾ പണം കരുതിയ കവർ തട്ടിപ്പറിക്കുകയായിരുന്നു. പ്രതികൾ രണ്ടുദിവസം മുമ്പ് സ്ഥലത്തെത്തി കാര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷമായിരുന്നു കവർച്ച. സ്റ്റാർട്ട് ചെയ്തുവെച്ച സ്കൂട്ടറിൽ കയറി അമിത വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഉടൻ മംഗലപുരം പൊലീസിലറിയിച്ചു.
മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽനിന്ന് കണ്ടെടുത്തു.
നിരവധി സി.സി ടി.വി കാമറകളും മൊബൈലുകളും പരിശോധിച്ച പൊലീസ് ശാസ്ത്രീയമായാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം ഇൻസ്പെക്ടർ സിജു കെ. നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.