തിരുവനന്തപുരം: വനംവകുപ്പിൽ 2014ന് മുമ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി (ബി.എഫ്.ഒ) നിയമനം ലഭിച്ചവരും ഉദ്യോഗക്കയറ്റത്തിന് വകുപ്പുതല പരീക്ഷ എഴുതണമെന്ന ഹൈകോടതി ഉത്തരവ് ‘ചുളു’വിൽ സ്ഥാനക്കയറ്റം കിട്ടിയവർക്ക് തിരിച്ചടിയായി. വകുപ്പുതലപരീക്ഷ എഴുതാതെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായി (എസ്.എഫ്.ഒ) സ്ഥാനക്കയറ്റം ലഭിച്ചവർ ഇതിനെത്തുടർന്ന് തിരികെ ബി.എഫ്.ഒമാരായി വീണ്ടും മടങ്ങേണ്ടിവരുമെന്നാണ് സൂചന.
കോടതി ഉത്തരവ് ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും അത് പരിശോധിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ അടക്കമുള്ളവരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് 2014ൽ കൊണ്ടുവന്ന ചട്ടഭേദഗതിയിലെ ഇളവ് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി ഡിവിഷൻ െബഞ്ചിന്റെ ഉത്തരവ്. സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നതിന് നിലവിലെ ചട്ടങ്ങളാണ് ബാധകമെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജീവനക്കാരുടെ നിയമനത്തിന് ശേഷം യോഗ്യതയുടെ കാര്യത്തിലും സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും സ്പെഷൽ റൂളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനാൽ സ്ഥാനക്കയറ്റം പരിഗണിക്കുന്ന തീയതിയിലെ പ്രത്യേക ചട്ടം നിർണായകമാണ്.
പുതിയ വ്യവസ്ഥ 2010 മുതൽ ബാധകമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ നിലവിൽ സർവിസിലുള്ളവർക്ക് തുടരുന്നതിന് ചട്ടത്തിലെ ഭേദഗതി ബാധകമല്ലെന്ന ഇളവും ഉൾപ്പെടുത്തിയിരുന്നു.
ഇത് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും ബാധകമാണെന്ന 2010 ആഗസ്റ്റ് 10ന് നിയമനം ലഭിച്ച ഒരുകൂട്ടം ബി.എഫ്.ഒമാരുടെ വാദമാണ് കോടതി തള്ളിയത്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവും ഇത് ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.