തിരുവനന്തപുരം: ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം 110 രൂപ ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രോജക്റ്റ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. പരാതിയുയർന്ന കാട്ടാക്കട കുറ്റിച്ചൽ അക്ഷയ കേന്ദ്രത്തിൽ അക്ഷയ ജില്ല പ്രോജക്റ്റ് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സർവിസ് ചാർജുകൾ അക്ഷയ കേന്ദ്രത്തിൽ എഴുതി പ്രദർശിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ആധാറുമായി ബന്ധപ്പെട്ട സേവനനിരക്കിന്റെ രസീത് പൊതുജനങ്ങൾക്ക് നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആധാറിൽ ഫോൺ നമ്പർ ബന്ധിപ്പിക്കാൻ ഉപഭോക്താവിന്റെ കൈയിൽനിന്ന് സർവിസ് ചാർജായി 110 രൂപ വാങ്ങിയതായി അക്ഷയ കേന്ദ്രം സംരംഭകൻ സമ്മതിച്ചു.
തന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി സംരംഭകൻ അംഗീകരിച്ചിട്ടുണ്ട്. 2019 ഒക്ടോബർ 30 ലെ സർക്കാർ ഉത്തരവ് അനുസരിച്ച് സംരംഭകനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്ഷയ ജില്ല ചീഫ് കോഓഡിനേറ്റർ കലക്ടർക്ക് കൂടുതൽ നടപടികൾക്കായി ഫയൽ സമർപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.