തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ആശുപത്രികൾക്ക് ഡി.എം.ഒയുടെ ജാഗ്രത നിർദേശം. ജില്ലയിൽ കേസുകളുടെ എണ്ണത്തിൽ വർധന കാണപ്പെടുന്നെന്ന ആമുഖത്തോടെയാണ് സർക്കുലർ. നിലവിൽ ലാബ് സൗകര്യമുള്ള ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നതാണ് നിർദേശങ്ങളിലൊന്ന്. കോവിഡ് ബാധിതരായ രോഗികൾക്ക് കിടത്തിച്ചികിത്സാ സൗകര്യം വേണ്ടിവന്നാൽ പ്രധാന ആശുപത്രികളിൽ 10 കിടക്കകൾ വീതം സജ്ജമാക്കണം. പേരൂർക്കട ജില്ല ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവിടങ്ങളിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് 10 കിടക്കകൾ വീതം ലഭ്യമാകണം.
ഗർഭിണികൾ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികൾ, ജീവിതശൈലീ രോഗമുള്ളവർ എന്നിവർക്ക് കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. കോവിഡ് രോഗികളെ റഫർ ചെയ്യേണ്ട സാഹചര്യം വന്നാൽ ആശുപത്രികളിലെ പി.ആർ.ഒമാർ കോവിഡ് കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ റഫർ ചെയ്യാവൂ.
ആംബുലൻസുകൾ അണുമുക്തമാക്കുന്നതിന് കോവിഡ് ഹോസ്പിറ്റലുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ആവശ്യമായ പി.പി. കിറ്റുകൾ, ഫേസ് ഷീൽഡുകൾ, പൾസ് ഓക്സീമീറ്റർ എന്നിവ ലഭ്യമാക്കാൻ സ്റ്റോർ വെരിഫിക്കേഷൻ ഓഫിസറെ സമീപിക്കണമെന്നും സർക്കുലറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.